വിസ്മയക്കാഴ്ചയൊരുക്കി ആനനീരാട്ടും ആനയൂട്ടും

കൊല്ലം: കൊല്ലം പുരത്തിന് മുന്നോടിയായി ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ നടന്ന ആനയൂട്ടും ആന നീരാട്ടും ഗജവീരന്മാർക്ക് വേനൽ ചൂടിൽ കുളിരേകി. ക്ഷേത്രക്കുളത്തിൽനിന്ന് ടവർ ഷവർ വഴി വെള്ളം വീഴ്ത്തിയാണ് ആനക്കുളി നടത്തിയത്. കൊമ്പന്മാരുടെ നീരാട്ടും ഊട്ടും കാണാൻ വൻതിരക്ക് അനുഭവപ്പെട്ടു. വിദേശികളും എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ നഗരത്തി​െൻറ വിവിധ പ്രാന്തപ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിൽനിന്ന് ചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിതിയിലേക്ക്‌ പുറപ്പെട്ടു. ഇത് നഗരവീഥികളെ പൂരപറമ്പാക്കി. കോയിക്കൽ ശ്രീകണ്ഠൻ ശാസ്താക്ഷേത്രം, ഉളിയക്കോവിൽ ശ്രീദുൾഗാദേവി ക്ഷേത്രം, ഉളിയക്കോവിൽ കണ്ണമത്ത് ശ്രീഭദ്രാദേവീ ക്ഷേത്രം, ശ്രീനാരായണപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കടപ്പാക്കട ധർമശാസ്താ ക്ഷേത്രം, ശ്രീ മുനീശ്വര സ്വാമി ക്ഷേത്രം, തുമ്പറ ശ്രീ മഹാദേവീ ക്ഷേത്രം, ഇരട്ടകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം, ശ്രീ ശങ്കരകുമാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആശ്രാമം ശ്രീ മാരിയമ്മ ക്ഷേത്രം, പടിഞ്ഞാറെ പുതുപ്പള്ളി മാട സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെയാണ് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയത്. ചെറുപൂരങ്ങൾ എത്തുന്ന മുറക്കായിരുന്നു ആനനീരാട്ട്. എല്ലാ ആനകളുടെയും നീരാട്ടിന് ശേഷമാണ് ആനയൂട്ട് നടന്നത്. ഡോ.ജെ. ശ്രീകുമാർ ദീപംകൊളുത്തി ആനഊട്ട് ഉദ്ഘാടനംചെയ്തു. തുടർന്ന് ചമയക്കാർക്ക് പൂരസദ്യ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.