രാജേഷ് വധം: സത്താറിനെ നാട്ടിലെത്തിക്കാൻ ആഭ്യന്തര വകുപ്പി​െൻറ ഇടപെടൽ വേണം

കിളിമാനൂർ: മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സൂത്രധാരനായ ഖത്തർ വ്യവസായിയും കൊല്ലം ഓച്ചിറ സ്വദേശിയുമായ സത്താറിനെ നാട്ടിലെത്തിക്കണമെങ്കിൽ സംസ്ഥാന ആഭ്യന്തര വകുപ്പി​െൻറ കാര്യമായ ഇടപെടൽ വേണം. ഇതിനാവശ്യമായ എല്ലാ രേഖകളും അന്വേഷണ സംഘം ഡി.ജി.പിക്ക് കൈമാറിയതായാണ് വിവരം. അതേസമയം, കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള പ്രതികളിലൊരാളായ അപ്പുണ്ണിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. തമിഴ് നാട്ടിൽ ഇയാൾ ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തമിഴ്നാട് പൊലീസി​െൻറ സഹകരണത്തോടെ വ്യാപകമായ അന്വേഷണം നടക്കുന്നതായാണ് പൊലീസ് സംഘം നൽകുന്ന വിവരം. മാർച്ച് 27നാണ് മടവൂർ പടിഞ്ഞാറ്റേല രാജേഷ് ഭവനിൽ രാജേഷിനെ (35) അപ്പുണ്ണിയുടെ നേതൃത്വത്തിൽ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സത്താറി​െൻറ മുൻ ഭാര്യയും അവിടെ നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലക്ക് ശേഷം ഒളിവിൽ പോയ പ്രതികളിൽ അപ്പുണ്ണി ഒഴികെയുള്ളവരെ ഇതിനിടെ പിടികൂടാൻ അന്വേഷണ സംഘത്തിനായി. സത്താറിന് യാത്രാവിലക്കുള്ളതിനാൽ നാട്ടിലേക്ക് അയക്കാൻ കഴിയില്ലെന്ന് ഖത്തർ പൊലീസ് അറിയിച്ചിട്ടുണ്ട്. ഇനി സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുക മാത്രമേ നിവൃത്തിയുള്ളൂ. ഒളിവിൽ കഴിയുന്ന അപ്പുണ്ണി തമിഴ്നാട്ടിൽത്തന്നെയുണ്ടോ എന്ന കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ല. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ലുക്കൗട്ട് നോട്ടീസ് ഇറക്കാനുള്ള ശ്രമങ്ങളും പൊലീസി​െൻറ ഭാഗത്തുനിന്ന് ആരംഭിച്ചതായി അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.