ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തിയ 1129 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് ആക്ടിലെ 86ാം വകുപ്പ് പ്രകാരം നടപടി സ്വീകരിച്ചശേഷം രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ആഭ്യന്തരവകുപ്പ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും 30 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. സെക്ഷൻ 86 (1) അനുസരിച്ച് ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകിയശേഷവും കുറ്റകൃത്യം തെളിയിക്കപ്പെടുകയാണെങ്കിൽ സേനയിൽനിന്ന് നീക്കം ചെയ്യണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 1129 പൊലീസുകാർ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടും ഇതനുസരിച്ച് നടപടി സ്വീകരിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ തയാറായിട്ടില്ലെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് കുറ്റപ്പെടുത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ചുരുങ്ങിയത് നിയമപരിപാലനത്തിൽനിന്ന് നീക്കി സിവിൽ വിഭാഗത്തിൽ അടിയന്തരമായി മാറ്റിനിയമിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. വിവരാവകാശ പ്രവർത്തകനായ അഡ്വ. ഡി.ബി. ബിനുവിന് വിവരാവകാശനിയമപ്രകാരം ആഭ്യന്തരവകുപ്പ് കൈമാറിയ മറുപടിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ ഞെട്ടിക്കുന്നതാണെന്ന് കമീഷൻ നിരീക്ഷിച്ചു. കുറ്റക്കാരായ 1129 ഉദ്യോഗസ്ഥരിൽ 250 പേർ ജോലി ചെയ്യുന്നത് തിരുവനന്തപുരത്താണ്. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ക്രിമിനൽ കേസ് പ്രതികളുടെ പട്ടിക തയാറാക്കിയത്. 2011ൽ കേരള ഹൈകോടതിയുടെ നിർദേശപ്രകാരമാണ് കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ സർക്കാർ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പാനലുണ്ടാക്കിയത്. 10 ഡിവൈ.എസ്.പിമാരും 46 സി.ഐമാരും 230 എസ്.ഐമാരും കേസിൽ പ്രതികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.