പുതിയ കളർ സോൺ മാപ്പ് മേയ് 31ന് മുമ്പ് സമർപ്പിക്കാമെന്ന് എയർപോർട്ട് അതോറിറ്റി തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റുമുള്ള റെഡ്സോൺ മേഖലയുടെ വ്യാപ്തി കുറക്കാൻ തീരുമാനം. ചൊവ്വാഴ്ച ചീഫ് സെക്രട്ടറി പോൾ ആൻറണിയുടെ അധ്യക്ഷതയിൽ ചേർന്ന എയർപോർട്ട് അതോറിറ്റിയുടെയും കോർപറേഷൻ ഭരണസമിതിയുടെയും യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പുതിയ കളർ സോൺ മാപ്പ് മേയ് 31ന് മുമ്പ് സമർപ്പിക്കാമെന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ യോഗത്തിൽ അറിയിച്ചു. നേരത്തേ തയാറാക്കിയ മാപ്പ് പ്രകാരം കോർപറേഷനിലെ 20 വാർഡുകൾ പൂർണമായി റെഡ്സോൺ പരിധിയിൽപെടും. പുതുതായി തയാറാക്കുന്ന മാപ്പിൽ വാർഡുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിെൻറ സുരക്ഷ ഉറപ്പാക്കാനും തുടർവികസനങ്ങൾ ലക്ഷ്യമിട്ടുമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) കളർ സോൺ മാപ്പ് തയാറാക്കിയത്. വിമാനത്താവളത്തിൽനിന്നുള്ള ദൂര പരിധി കണക്കാക്കി ചുവപ്പ്, ഇളം നീല, കറുപ്പ്, മഞ്ഞ, പച്ച, വയലറ്റ് എന്നിങ്ങനെയാണ് നിറങ്ങൾ നൽകിയത്. ഒാരോ നിറം നൽകിയിട്ടുള്ള സ്ഥലങ്ങളിൽ നിശ്ചിത ഉയരമുള്ള കെട്ടിടങ്ങൾ നിർമിക്കണമെങ്കിൽ എയർപോർട്ട് അതോറിറ്റിയുടെ അനുമതി വാങ്ങിയിരിക്കണമെന്നായിരുന്നു നിർദേശം. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള വിമാനത്താവളത്തിന് 5.5 കിലോമീറ്റർ ചുറ്റളവ് ചുവപ്പ് നിറത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. 20 വാർഡുകൾ പൂർണമായും അഞ്ചോളം വാർഡുകൾ ഭാഗികമായും റെഡ് സോൺ പരിധിയിലാണ് ഉൾപ്പെടുത്തിയിരുന്നത്. മുട്ടത്തറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാൻകുളം, ആറ്റുകാൽ, മണക്കാട്, കുര്യാത്തി, പുത്തൻപള്ളി, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, ശ്രീവരാഹം, ഫോർട്ട്, പെരുന്താന്നി, ചാക്ക, വലിയതുറ, വള്ളക്കടവ്, വെട്ടുകാട്, ശംഖുംമുഖം, വേളി, വഞ്ചിയൂർ എന്നീ വാർഡുകളാണ് പൂർണമായി റെഡ് സോൺ പരിധിയിൽപെട്ടത്. ഇതോടെ ഈ വാർഡുകളിലെ ജനങ്ങൾ ദുരിതത്തിലായി. നിബന്ധനകൾമൂലം വിമാനത്താവളത്തിന് ചുറ്റുമുള്ള 20 വാർഡുകളിലെ ജനങ്ങൾക്ക് വീട് നിർമിക്കാൻപോലും അനുമതി ലഭിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ശശി തരൂർ എം.പി കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് കത്ത് നൽകിയിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിർമിക്കുന്ന 2103 കുടുംബങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സുരേഷ് പ്രഭു പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാൻ എയർപോർട്ട് അതോറിറ്റിക്ക് നിർദേശം നൽകി. ഇതോടെയാണ് പുതിയ കളർ സോൺ മാപ്പ് തയാറാക്കാൻ എയർപോർട്ട് അധികൃതർ തയാറാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.