മത്സ്യ വിത്തുൽപാദന വിപണനകേന്ദ്രം: ഒന്നാംഘട്ട നിർമാണപ്രവൃത്തികൾ പൂർത്തിയായി

ഉദ്ഘാടനം ഉടൻ കുളത്തൂപ്പുഴ: സംസ്ഥാന സർക്കാർ സഹകരണത്തോടെ ജില്ല പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കുളത്തൂപ്പുഴയിൽ ആരംഭിച്ച ആധുനിക മത്സ്യവിത്തുൽപാദന വിപണനകേന്ദ്രത്തി​െൻറ (ഹാച്ചറി) ഒന്നാംഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തിയായി. തീരപ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് ആദ്യമായി കിഴക്കൻ മലയോരമേഖലയിൽ സർക്കാർ സംരംഭമായി സ്ഥാപിച്ച പൊതുമേഖലാ മത്സ്യ വിത്തുൽപാദനകേന്ദ്രമാണ് കുളത്തൂപ്പുഴ നെടുവന്നൂർ കടവിൽ നിർമാണം പൂർത്തിയായത്. 2016 ആഗസ്റ്റിൽ കുളത്തൂപ്പുഴയിൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങളാണ് പൂർത്തിയായത്. 13 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമായി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ചെറുതും വലുതുമായ 21 കുളങ്ങളും ഓഫിസ് കെട്ടിടവുമാണ് നാല് കോടി ചെലവിൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ഒരു വർഷം എൺപത് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനാണ് കുളത്തൂപ്പുഴ ഹാച്ചറി ലക്ഷ്യമിടുന്നത്. ഇതുവഴി ജില്ലക്ക് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ മുഴുവൻ നൽകാൻ കഴിയുമെന്നതിന് പുറമെ സമീപ ജില്ലകളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിപണനം ചെയ്യുന്നതിനും മേത്സ്യാൽപാദനമേഖലയിൽ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കഴിയും. അനുബന്ധമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ തുടക്കത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ വിധത്തിൽ 120 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ആറ് ടാങ്കുകളും 78 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ആറ് നഴ്സറി ടാങ്കുകളും ചെറുമത്സ്യകുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി എട്ട് ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഒമ്പത് ടാങ്കുകളുമാണ് നിർമാണം പൂർത്തിയായിരിക്കുന്നത്. ഒപ്പം ഓഫിസ് ബ്ലോക്കും സജ്ജമായിട്ടുണ്ട്. ഒന്നാം ഘട്ടം പ്രവർത്തനമാരംഭിക്കുന്നതോടെ മത്സ്യമേഖലയിലും വ്യവസായരംഗത്തും ശ്രദ്ധിക്കപ്പെടുന്നകേന്ദ്രമായി കുളത്തൂപ്പുഴ മാറും. രണ്ടാംഘട്ടമായി പ്രാദേശികമായുള്ള ശുദ്ധജല മത്സ്യവിഭാഗങ്ങളുടെ വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനും അലങ്കാര മത്സ്യകുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഉൾനാടൻ ജലാശയങ്ങളെയും കുളങ്ങളെയും ഉൾപ്പെടുത്തി ശുദ്ധജല മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണമേഖലകളിലും പുതിയ മത്സ്യകൃഷി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 400 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പത്ത് ടാങ്കുകളും കുഞ്ഞുങ്ങളെ വളർത്തുന്നതിനായി 800 ചതുരശ്രമീറ്റൽ വിസ്തൃതിയുള്ള നാല് ടാങ്കുകളും നിർമിക്കും. മൂന്നാംഘട്ടമായി ഹാച്ചറിയോട് ചേർന്നുള്ള സ്ഥലത്ത് തടാകം സൃഷ്ടിച്ച് വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാറി​െൻറ വാർഷികാഘോഷങ്ങളുടെ ഭാഗമായി മേയ് അവസാനത്തോടെ കുളത്തൂപ്പുഴ ഹാച്ചറിയുടെ ഉദ്ഘാടനം ഉണ്ടാകുമെന്നും അതിനായി ത്വരിതഗതിയിലുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും കശുവണ്ടി വികസന കോർപറേഷൻ ചെയർമാനുമായ എസ്. ജയമോഹൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.