വർക്കലക്കാരെ വട്ടംകറക്കി റെയിൽവേ

പാളങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഗേറ്റുകൾ അടച്ചിട്ട് ആറുദിവസം മൂന്നുദിവസം കൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു അറിയിപ്പ് വര്‍ക്കല: പാളം അറ്റകുറ്റപ്പണിയുടെ പേരിൽ വർക്കലക്കാർക്ക് റെയിൽവേ നൽകിയത് 'എട്ടി​െൻറ പണി'. മൂന്ന് ദിവസമെന്ന് മുന്നറിയിപ്പ് നൽകി അടച്ച ഗേറ്റുകളാണ് ആറുദിവസമാ‍യിട്ടും തുറക്കാത്തത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള പാളങ്ങൾ മാറ്റുന്ന ജോലികളുടെ ഭാഗമായാണ് പുന്നമൂട്, ജനതാമുക്ക് ഗേറ്റുകൾ അടച്ചിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇടവ ജങ്ഷനിലെയും ഹൈസ്‌കൂള്‍ ജങ്ഷനിലെയും ഗേറ്റുകള്‍ ഒരാഴ്ചയോളം അടച്ചിട്ടിരുന്നു. ജനതാമുക്ക് ഗേറ്റ് ശനിയാഴ്ച രാത്രിയോടെ തുറന്നത് അൽപം ആശ്വാസമായി. എന്നാൽ, പുന്നമൂട് റെയിൽവേ ഗേറ്റ് ആറ് ദിവസമായിട്ടും തുറന്നിട്ടില്ല. വർക്കല മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ തിരക്കേറിയതുമായ റോഡുകളിലാണ് പുന്നമൂട് ഗേറ്റുള്ളത്. അതിനാല്‍ വാഹനയാത്രക്കാര്‍ റെയില്‍പ്പാത കടന്ന് മറുഭാഗത്തെത്താന്‍ ഇടറോഡുകളിലൂടെ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. വിദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന യാത്രികരാണ് വട്ടംകറങ്ങുന്നതിൽ അധികവും. വര്‍ക്കലക്കും ഇടവക്കും മധ്യേ നാലുകിലോമീറ്ററിനുള്ളിൽ അഞ്ചു റെയില്‍വേ ഗേറ്റുകളാണുള്ളത്. അടുത്തടുത്ത ഗേറ്റുകള്‍ സ്ഥരമായി അടഞ്ഞുകിടക്കുന്നതാണ് യാത്രക്കാരെ വലക്കുന്നത്. ഇടവ ഭാഗത്ത് നിന്നും വര്‍ക്കലയിലേക്ക് വരുന്നവര്‍ ജനതാമുക്ക് ഗേറ്റൊഴിവാക്കി കരുനിലക്കോട്, പുല്ലാന്നികോട് വഴി കണ്ണംബ ജങ്ഷനിലെത്തി റെയിൽവേ സ്റ്റേഷൻ ഗേറ്റ് കടന്നാണ് പ്രധാന റോഡിലൂടെ യാത്ര തുടരേണ്ടത്. അതായത് രണ്ടരക്കിലോമീറ്റർ ദൂരം കുണ്ടുംകുഴികളും വളവുകളും തിരിവുകളും നിറഞ്ഞ ഇടറോഡുകളിലൂടെ വാഹന യാത്രികർ ചുറ്റിക്കറങ്ങണം. പുന്നമൂട് ഗേറ്റ് അടഞ്ഞതിനാൽ പാരിപ്പള്ളി, ഊന്നിൻമൂട് ഭാഗങ്ങളിലൂടെ വരുന്ന വാഹനങ്ങളും ജനതാമുക്ക് ഗേറ്റ് അടഞ്ഞതിനാൽ കൊല്ലം, കാപ്പിൽ പരവൂർ ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങളും കണ്ണംബ ജങ്ഷനിലെത്തി റെയിൽവേ സ്റ്റേഷൻ റോഡിലൂടെയാണ് യാത്രതുടരുന്നത്. ഈ വാഹനങ്ങളെല്ലാം റെയിൽവേ സ്റ്റേഷന് സമീപത്തെ ഗേറ്റിൽ കുടുങ്ങിക്കിടക്കുകയാണ് പതിവ്. സ്വകാര്യബസുകളും ഇതുവഴിയാണ് പോകുന്നത്. ഈ ഗേറ്റ് ഏറെനേരവും അടഞ്ഞുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കാത്തുകിടക്കണം. ഗേറ്റ് തുറന്നാൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചെറിയ വാഹനങ്ങള്‍ ഗുഡ്‌ഷെഡ് റോഡുവഴി ആയുര്‍വേദാശുപത്രി ജങ്ഷന്‍ വഴിയാണ് വര്‍ക്കലയിലെത്തുന്നത്. പുന്നമൂട് ഗേറ്റ് തിങ്കളാഴ്ച രാത്രി ഏഴുവരെ അടച്ചിടുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. അതുവരെ യാത്രാദുരിതവും തുടരും. ഏതായാലും വർക്കലക്കാരെ വട്ടംകറക്കുന്ന പണിയായിപ്പോയി റെയിൽവേയുടെയെന്നാണ് നാട്ടുകാരുടെ അഭിപ്രായം. caption File name 7 VKL 3 adanja punnamoidu rly.gate@varkala റെയിൽപാളം മാറ്റുന്നതിനായി ആറുദിവസമായി അടച്ചിട്ടിരിക്കുന്ന പുന്നമൂട് ഗേറ്റ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.