എസ്.സി- എസ്.ടി പീഡന നിരോധനനിയമം അട്ടിമറിക്കരുത് -ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരുവനന്തപുരം: എസ്.സി- എസ്.ടി പീഡന നിരോധനനിയമം അട്ടിമറിക്കരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് എസ്. ഇർഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി ജാതീയമായ പീഡനങ്ങളും വിവേചനങ്ങളും അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകാൻ രാജ്യത്തെ നീതിന്യായസംവിധാനം ബാധ്യസ്ഥമാണ്. സാമൂഹിക യാഥാർഥ്യങ്ങളെ വിലയിരുത്തുന്നതിലും വിശകലനം ചെയ്യുന്നതിലും പരമോന്നത കോടതികൾ പരാജയപ്പെടുന്നത് ഖേദകരമാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തിയ നിസ്സംഗതയും മൗനവും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. വിവിധ ദലിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ശക്തമായ സമ്മർദങ്ങൾക്കൊടുവിലാണ് റിവ്യൂ ഹരജി നൽകാൻപോലും സർക്കാർ സന്നദ്ധമായത്. നിരന്തരമായ നീതിനിഷേധത്തിനും വിവേചനങ്ങൾക്കും അവകാശലംഘനങ്ങൾക്കും വിധേയമാകുന്ന സാമൂഹിക ജനവിഭാഗങ്ങളുടെ അവസാനത്തെ അത്താണിയാണ് രാജ്യത്തെ നിയമവ്യവസ്ഥ. ആ അവസാന അത്താണിപോലും ദുർബലപ്പെടുത്തുന്നത് ആത്യന്തികമായി നമ്മുടെ ജനാധിപത്യത്തെതന്നെയാണ് ദുർബലപ്പെടുത്തുന്നത്. രാജ്യത്തെ എസ്.സി എസ്.ടി ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാൻ ഭരണകൂടത്തിനും നീതിനിർവഹണസംവിധാനങ്ങൾക്കും സാധിക്കണം. സാമൂഹിക ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ സമൂഹത്തിൽനിന്ന് പ്രതിഷേധങ്ങൾ ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.സി എസ്.ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്റ്റ് ദുർബലപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജനകീയ ഒപ്പുശേഖരണം നടത്തി ഫ്രറ്റേണിറ്റി മൂവ്മെൻറ് രാഷ്ട്രപതിക്ക് ഭീമഹരജി സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.