മൂന്നുലക്ഷം പേരുടെ പ്രതീക്ഷ മങ്ങി സാമൂഹികസുരക്ഷ മിഷൻ മറുവഴി തേടുന്നു എ. സക്കീർ ഹുസൈൻ തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള 'സ്വാവലംബന്‍' ഇന്‍ഷുറന്‍സ് പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. ഇതോടെ സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് വിഹിതമടച്ച ഒരുലക്ഷമടക്കം മൂന്നുലക്ഷത്തോളം അംഗപരിമിതരുടെയും അവരുടെ ആശ്രിതരുടെയും ഇന്‍ഷുറന്‍സ് പ്രതീക്ഷ അസ്ഥാനത്തായി. കേന്ദ്രവിഹിതം ലഭിക്കില്ലെന്നുറപ്പായതോടെ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് സംസ്ഥാനസര്‍ക്കാര്‍ മറ്റുമാര്‍ഗങ്ങള്‍ ആരാഞ്ഞു. സാമൂഹികസുരക്ഷാ മിഷനോട് ഇതുസംബന്ധിച്ച് പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നൽകി. 2017 മാര്‍ച്ചിലാണ് ആദ്യഘട്ടമായി കേന്ദ്ര സാമൂഹികസുരക്ഷാ മിഷന്‍ ദാരിദ്ര്യേരഖക്ക് താഴെയുള്ള ഒരുലക്ഷം അംഗപരിമിതരെ ചേര്‍ത്തത്. ഉപഭോക്തൃവിഹിതമായ 3.57 കോടി (10 ശതമാനം) സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നൽകി. ബാക്കി 90 ശതമാനം കേന്ദ്രസര്‍ക്കാര്‍ നൽകുമെന്നായിരുന്നു അറിയിപ്പ്. നീണ്ട കാത്തിരിപ്പിനുശേഷം പണം പാഴായതല്ലാതെ കേന്ദ്രം വിഹിതമടക്കാത്തതിനാല്‍ ഒരാള്‍ക്കുപോലും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിച്ചില്ല. പല ഘട്ടങ്ങളിലും ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെെട്ടങ്കിലും നടപടി വൈകിക്കുകയായിരുന്നുവെന്ന് സാമൂഹികസുരക്ഷാമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കേന്ദ്രം പിന്മാറിയ സ്ഥിതിക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പദ്ധതികള്‍ പ്രയോജനപ്പെടുത്താനാകുമോ എന്നാണ് ആലോചന. കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച 'ആയുഷ്മാന്‍ ഭാരത്' ഒക്ടോബറിൽ നിലവിൽവരുമെന്നാണ് അറിയുന്നത്. അത് വന്നശേഷമാകും ഇനി തുടർനടപടികൾ ആലോചിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനിക്ക് നൽകിയ 3.57 കോടി തിരികെ നൽകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൂന്നുവര്‍ഷംകൊണ്ട് മൂന്നുലക്ഷം അംഗപരിമിതരെ സ്വാവലംബനില്‍ ചേര്‍ക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. ബി.പി.എൽ കൂടാതെ മറ്റുള്ളവർക്കും നേരിട്ട് പദ്ധതിയില്‍ ചേരാനും അവസരം നൽകിയിരുന്നു. ബി.പി.എല്‍ വിഹിതം അടക്കാൻ നാലുകോടി രൂപ കഴിഞ്ഞ ബജറ്റില്‍ നീക്കിെവച്ചിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോകാത്തതിനാല്‍ തുക പാഴായി. കേന്ദ്രത്തില്‍ പ്രതീക്ഷയർപ്പിച്ച് ഇക്കൊല്ലവും പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.