കഥാപ്രസംഗത്തി​െൻറ സുവര്‍ണ ജൂബിലി നിറവില്‍ തൊടിയൂര്‍ വസന്തകുമാരി

കരുനാഗപ്പള്ളി: തൊടിയൂര്‍ വസന്തകുമാരിയുടെ കഥാപ്രസംഗത്തി​െൻറ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ നാടൊരുങ്ങുന്നു. തൊടിയൂര്‍ എല്‍.വി യു.പി.എസില്‍ നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ജി. ശങ്കരക്കുറുപ്പി​െൻറ വിഖ്യാതകൃതി സൂര്യകാന്തിക്ക് കഥാപ്രസംഗഭാഷ്യം ചമച്ചുകൊണ്ടാണ് കാഥാപ്രസംഗ ലോകത്തേക്ക് വസന്തകുമാരി അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വര്‍ഷം ചങ്ങമ്പുഴയുടെ വത്സല എന്ന കൃതി കഥാപ്രസംഗ രൂപത്തിലാക്കി വേദികള്‍ കീഴടക്കി. ചെറിയ പെണ്‍കുട്ടിയുടെ കഥാപ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടി. അന്ന് കാഥികലോകത്ത് അതൊരു വാര്‍ത്തയായിരുന്നു. ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളജില്‍ പഠിക്കുമ്പോള്‍ പ്രഫഷനല്‍ കാഥിക എന്ന പെരുമ വസന്തകുമാരി നേടിക്കഴിഞ്ഞിരുന്നു. പുരാണ, സാമൂഹിക ചരിത്ര കഥകള്‍ വസന്തകുമാരിയിലൂടെ ലോകം കേട്ടു. വത്സല, ഭാരതയുദ്ധം, കര്‍ണന്‍, ഭഗവത്ദൂത്, സെബുന്നിസ, കുപ്പിവളകള്‍, മോക്ഷം, സിദ്ധാന്തം, ആശ്രയം, ജൂലിയസ് സീസര്‍, മോണ്ടിക്രിസ്റ്റോ ഇതൊക്കെയായിരുന്നു വസന്തകുമാരി അവതരിപ്പിച്ച പ്രധാനകഥകള്‍. 1985 മുതല്‍ ആകാശവാണിയില്‍ കഥകള്‍ അവതരിപ്പിച്ചുതുടങ്ങി. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്മ​െൻറിനുവേണ്ടി കുടുംബക്ഷേമം വിഷയമാക്കി വെളിച്ചമേ നയിച്ചാലും എന്ന കഥ കേരളത്തില്‍ എമ്പാടും അവതരിപ്പിക്കാന്‍ വസന്തകുമാരിക്ക് കഴിഞ്ഞു. കെ.കെ. വാദ്യാര്‍, വി. സാംബശിവന്‍, കെടാമംഗലം സദാനന്ദന്‍ തുടങ്ങിയവരൊക്കെ കാഥിക ലോകത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ കഥപറച്ചിലി​െൻറ പെണ്‍ സാന്നിധ്യവുമായി വസന്തകുമാരിയും കഥാപ്രസംഗകലയുടെ അരങ്ങുകളില്‍ ജീവിച്ചു. അറബ് രാഷ്ട്രങ്ങളിലും മറ്റും ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ കഥാപ്രസംഗം അവതരിപ്പിക്കാന്‍ വസന്തകുമാരിക്ക് കഴിഞ്ഞു. പിതാവ്ചെല്ലപ്പന്‍പിള്ളയാണ് വസന്തകുമാരിയിലെ കാഥികക്ക് പ്രോത്സാഹനം നല്‍കിയത്. കേരള സംഗീത നാടക അക്കാദമി 2002ല്‍ സംസ്ഥാന അവാര്‍ഡ് നല്‍കി ഈ കലാകാരിയെ ആദരിച്ചു. കൂടാതെ, സംഗീത നാടക അക്കാദമിയുടെ കൗണ്‍സില്‍ അംഗവുമായിട്ടുണ്ട്. ത​െൻറ കഥാപ്രസംഗ ജീവിതം അമ്പതാണ്ട് നിറഞ്ഞതി​െൻറ ആഘോഷം നാട്ടുകാര്‍ സംഘടിപ്പിക്കുന്നതില്‍ ഈ കാഥിക ഏറെ ആഹ്ലാദത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.