ഇടം പദ്ധതി ലോകശ്രദ്ധയിലേക്ക് ഐക്യരാഷ്​ട്രസഭയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പദ്ധതി അവതരിപ്പിക്കും

യു.എൻ മാനദണ്ഡങ്ങൾ പ്രകാരമുള്ള 19ഒാളം സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏകോപിപ്പിച്ച് തയാറാക്കിയ പദ്ധതി എന്നനിലക്കാണ് രാജ്യാന്തര അംഗീകാരം നേടിയത് കൊല്ലം: 'ഇടം' പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. സംസ്ഥാന സർക്കാറി​െൻറ വികസനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പാക്കുന്നതിന് കുണ്ടറ മണ്ഡലം കേന്ദ്രീകരിച്ച് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് 'ഇടം'. 10ന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് 'സുസ്ഥിരവികസന ലക്ഷ്യങ്ങളും സാമൂഹി ശാക്തീകരണവും' എന്ന വിഷയത്തിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്നതിന് പദ്ധതിക്ക് ക്ഷണം ലഭിച്ചു. യു.എൻ മാനദണ്ഡങ്ങൾ പ്രകാരമുള്ള 19ഒാളം സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏകോപിപ്പിച്ച് തയാറാക്കിയ പദ്ധതി എന്നനിലക്കാണ് ഇടം രാജ്യാന്തര അംഗീകാരം നേടിയത്. ഐക്യരാഷ്ട്രസഭയുടെ സ്റ്റുഡൻറ് ഔട്ട്റീച്ച് ഡിവിഷൻ യു.എൻ.എ.ഐ ആണ് സ്റ്റാർട്ട് (സ്കിൽസ് ആൻഡ് ടെക്നോളജി അച്ചീവിങ് റാപ്പിഡ് ട്രാൻസ്ഫർമേഷൻ) കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് യു.എൻ.എ.ഐ ചാപ്റ്ററും കോൺഫറൻസിൽ പങ്കെടുക്കും. താഴെത്തട്ട് മുതൽ ജനപങ്കാളിത്തം ഉറപ്പാക്കി സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് 'ഇട'ത്തി​െൻറ വിശാല ലക്ഷ്യം. വ്യക്തികൾ, കുടുംബം, പൊതുജനം, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സംഘടനകൾ, വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക കൂട്ടായ്മകൾ, ബാങ്കിങ് സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് സമഗ്രവികസനം സാധ്യമാക്കുകയാണ് അടിസ്ഥാന ലക്ഷ്യം. 2030ഓടെ മണ്ഡലത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന പദ്ധതി രാജ്യാന്തരതലത്തിലും വേറിട്ട മാതൃകയായി അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി പിന്നാക്കമുള്ള വിഭാഗങ്ങൾക്കായി നിർമാണ ചെലവ് ചുരുക്കിയുള്ള വീടുകൾ തീർക്കാൻ പര്യാപ്തമായ പദ്ധതി തയാറാക്കി കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ വിദ്യാർഥി കൂട്ടായ്മയും ഇടത്തി​െൻറ ഭാഗമായി. സ്ഥാപനത്തിലെ യു.എൻ ചാപ്റ്ററാണ് ഭവനനിർമാണപദ്ധതി വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. സാങ്കേതികമായി മികച്ച് നിൽക്കുന്ന ദൃഢതയുള്ള ചെലവ് പരിമിതപ്പെടുത്തിയ ഭവനനിർമാണരീതിയാണ് ഇടത്തി​െൻറ ഭാഗമായി നടപ്പാക്കുന്നത്. ഒരു സ​െൻറിൽ 400 ചതുരശ്ര അടിയിൽ രണ്ടു കിടപ്പുമുറികളുള്ള സ്വീകരണമുറിയും ശുചിമുറിയും അടങ്ങുന്ന വീടിന് നാല് ലക്ഷം മാത്രമാണ് ചെലവ്. ഇതാണ് ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധ പ്രത്യേകം പതിഞ്ഞ മേഖലകളിൽ പ്രധാനം. കിണർ റീ ചാർജിങ്, ചിറകളുടെയും ഏലകളുടെയും നവീകരണം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാൽ സർക്കാറി​െൻറ പ്രതിനിധിയായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് യു.എൻ അസംബ്ലിയിൽ പദ്ധതി അവതരിപ്പിക്കുക. പദ്ധതിയുടെ നിർവഹണം സംബന്ധിച്ച സാങ്കേതികവും ഭരണപരവുമായ വിവരങ്ങൾ ജില്ല കലക്ടർ ഡോ. എസ്. കാർത്തികേയൻ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.