റോക്ക്​വുഡ് കടവ്: നടപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്​തം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയാറിലെ റോക്ക്വുഡ് കടവിൽ കടത്ത് വള്ളത്തിന് പകരമായി നടപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമപഞ്ചായത്തിലെ ആറ്റിന് കിഴക്കേക്കര, ചെമ്പനഴികം, വട്ടക്കരിക്കം, വില്ലുമല, രണ്ടാംമൈൽ, ആമക്കുളം തുടങ്ങി ആദിവാസികളും പട്ടികജാതിക്കാരുമുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് പുഴ കടന്നുപോകുന്നതിന് നിലവിലുള്ളത് കടത്തുവള്ളം മാത്രമാണ്. ഇതുവഴി എസ്റ്റേറ്റിലേക്കുള്ള ഗതാഗതം കുറെഞ്ഞങ്കിലും ഇപ്പോഴും കടത്തുവള്ളത്തെ ആശ്രയിച്ചാണ് നാട്ടുകാർ പുഴകടക്കുന്നത്. ഓരോ വർഷവും സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്താൻ തയാറാകാതെ അധികൃതർ കാലതാമസം വരുത്തുന്നതിനനുസരിച്ച് കടത്തുവള്ളം നാട്ടുകാർക്ക് ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസ്ഥയുണ്ട്. ചോർച്ചയും സംരക്ഷണത്തിലെ അപാകതയും നിമിത്തം ഉപയോഗിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് കഴിഞ്ഞ വേനലിൽ അറ്റകുറ്റ പണികൾക്കായി കരയിൽ കയറ്റിയ വള്ളം ഉപയോഗശൂന്യമായി മാറി. ശേഷം ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി പുതിയ വള്ളം എത്തിച്ചിട്ടുണ്ട്. എന്നാൽ എസ്റ്റിമേറ്റിലെ അപാകത ഉന്നയിച്ച് വള്ളത്തി​െൻറ നിർമാണ തുക മാറി നൽകാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ കരാറുകാരൻ വള്ളം ആറ്റിറമ്പിൽ പൂട്ടിയിട്ടിരിക്കുകയാണ്. അതിനാൽ തന്നെ വള്ളം ഇനിയും കടത്തിനായി നൽകിയിട്ടില്ല. ഇക്കാലമത്രയും പ്രദേശവാസികൾ കിലോമീറ്ററുകൾ കാൽനടയായി ചുറ്റി സഞ്ചരിച്ച് അമ്പലക്കടവ് പാലം വഴിയാണ് മറ്റിടങ്ങളിലേക്ക് പോയിരുന്നത്. വള്ളം കടവിലെത്തിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും കടത്തിനായി വിട്ട് നൽകാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റോക്ക് വുഡ് കടവിൽ ഒരു നടപ്പാലമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാകുന്നത്. പുഴയിൽ ജലനിരപ്പ് ഉയരുമ്പോഴും അറ്റകുറ്റ പണികളുടെ പേരിൽ വള്ളം കരയിൽ കയറ്റുമ്പോഴും കടത്ത് നടത്താനാവാതെ നിർത്തിവെക്കുന്ന സാഹചര്യങ്ങൾക്കും വർഷാവർഷമുണ്ടാകുന്ന അറ്റകുറ്റ പണികൾക്കായി ചെലവഴിക്കുന്ന വൻതുകയുടെ ബാധ്യത ഒഴിവാക്കുന്നതിനും നടപ്പാലം നിർമിക്കുന്നതിലൂടെ കഴിയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. ഇതുസംബന്ധിച്ച് വനം മന്ത്രിക്കും ഉന്നതാധികാരികൾക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.