സ്വത്ത്​ എഴുതിനൽകാത്തതിന്​ വയോധികക്ക്​ ക്രൂരമർദനം

കൊട്ടിയം: കിടപ്പാടം എഴുതിനൽകണമെന്നാവശ്യപ്പെട്ട് വയോധികയെ മകളുടെ മരുമകൾ കല്ലുകൊണ്ട് തലയ്ക്കടിച്ചും മാരകമായി ആക്രമിച്ചും പരിക്കേൽപിച്ചു. രക്തംവാർന്ന് അവശനിലയിലായ വയോധികയെ കൊട്ടിയം പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. മുഖത്തല പാങ്കോണം സാബു ഭവനിൽ ഗോമതിക്കാണ് (78) പരിക്കേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. കഞ്ഞിവെക്കാൻ അടുപ്പിൽ തീകൂട്ടി വെള്ളംവെക്കുന്നതിനിടെയായിരുന്നു ആക്രമണം. വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയശേഷം ഇവരെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. ഇതിനിടെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. രക്തംവാർന്ന് അവശയായി കിടന്ന ഇവരെ നാട്ടുകാർ ചേർന്ന് ഓട്ടോയിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. അഡീഷനൽ എസ്.ഐ കലാം, സുഭാഷ്, വനിത പൊലീസ് അംഗം ബീന, നിർഭയ വളൻറിയർമാരായ ബിയാട്രസ്, സുജാത എന്നിവർ ചേർന്ന് ഉടൻ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വൃദ്ധയുടെ പേരിലുള്ള വസ്തുവും കിടപ്പാടവും എഴുതി നൽകണമെന്നാവശ്യപ്പെട്ട് ഇവരെ നിരന്തരം ആക്രമിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ മകളുടെ മരുമകൾ ഷീജയെ പ്രതിയാക്കി കൊട്ടിയം പൊലീസ് കേസെടുത്തു. ഇവർ വീട് പൂട്ടി സ്ഥലംവിട്ടതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.