സാമ്പത്തിക വര്‍ഷാവസാനം ഫണ്ട് ട്രഷറി അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല ^മന്ത്രി

സാമ്പത്തിക വര്‍ഷാവസാനം ഫണ്ട് ട്രഷറി അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല -മന്ത്രി തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാവസാനം വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഫണ്ട് ട്രഷറി അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സാമ്പത്തിക വര്‍ഷാവസാനം ഈ ഫണ്ടുകള്‍ മാറ്റുമ്പോള്‍ വകുപ്പുകള്‍ക്കും ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ബദല്‍ മാര്‍ഗം സ്വീകരിക്കും. ഇക്കൊല്ലം ബദല്‍ സംവിധാനം ഒരുക്കാതെ ഇത്തരത്തില്‍ ഫണ്ട് മാറ്റിയത് പല സ്ഥാപനങ്ങള്‍ക്കും ശമ്പളംപോലും നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി വി.ഡി. സതീശന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വര്‍ഷാവസാനം ഫണ്ട് മാറ്റിയെങ്കിലും അടുത്ത പ്രവര്‍ത്തിദിവസത്തില്‍ തന്നെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഫണ്ട് വിനിയോഗിക്കുന്നതിന് ഒരു തടസ്സവുമില്ലാത്ത തരത്തിലുള്ള ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത്രയുംകാലം സ്വീകരിച്ചിരുന്ന മാനദണ്ഡം മാറ്റാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മുമ്പ് ട്രഷറി അക്കൗണ്ടില്‍ ഫണ്ട് സൂക്ഷിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വായ്പയായി പരിഗണിച്ച് നമ്മുടെ വായ്പ പരിധിയില്‍ നിയന്ത്രണം കൊണ്ടുവരികയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അതിനാൽ സാമ്പത്തികവര്‍ഷാവസാനത്തില്‍ ഇത്തരത്തില്‍ ഫണ്ട് സൂക്ഷിക്കാന്‍ അനുവദിക്കില്ല. ഇത് മറികടക്കാന്‍ ചില നിര്‍ദേശങ്ങള്‍ ധനവകുപ്പിനുണ്ട്. അതിലൊന്ന് മാര്‍ച്ച് 31ന് മാറ്റുമെന്ന് മനസ്സിലാക്കികൊണ്ട് ഫണ്ട് ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിക്കാം. അല്ലെങ്കില്‍ കണ്ടിജന്‍സി ഫണ്ടില്‍നിന്ന് നേരിട്ട് ശമ്പളത്തിനും ദിവസ െചലവിനുമുള്ള ഫണ്ട് എത്തിക്കാം. അല്ലെങ്കില്‍ ബന്ധപ്പെട്ട ഗ്രാൻറ്ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ഡ്രോയിങ് ആൻഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാരെ പരിഗണിക്കാം. ഇതൊക്കെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സംസാരിച്ച് ബദല്‍ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.