-ജീവനക്കാരുടെ മോശം പെരുമാറ്റം സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കും ^ആരോഗ്യമന്ത്രി

-ജീവനക്കാരുടെ മോശം പെരുമാറ്റം സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കും -ആരോഗ്യമന്ത്രി തിരുവനന്തപുരം: ജീവനക്കാരുടെ മോശം പെരുമാറ്റം സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ നഴ്‌സുമാരുടെയും നഴ്‌സിങ് അസിസ്റ്റൻറുമാരുടെയും അറ്റൻഡര്‍മാരുടെയും അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏതാനും ചിലര്‍ നടത്തുന്ന മോശം പ്രവര്‍ത്തനങ്ങള്‍ ആത്മാർഥമായി ജോലി ചെയ്യുന്ന ഭൂരിപക്ഷം ജീവനക്കാര്‍ക്കും കൂടി കളങ്കം ചാര്‍ത്തും. സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് മനഃപൂര്‍വമായ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അതിന് വളമാവുകയാണ്. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇതുപോലെയുള്ള സംഭവങ്ങള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. പലതരം രോഗങ്ങളുടെ അവസ്ഥയില്‍ രോഗികള്‍ ചിലപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കാമെങ്കിലും ജീവനക്കാര്‍ സമചിത്തത വെടിയാന്‍ പാടില്ല. അവര്‍ പറയുന്നത് കേള്‍ക്കാനും ആവശ്യമായ പരിചരണങ്ങള്‍ നല്‍കാനും തയാറാകണം. ഈ കാര്യത്തില്‍ ജീവനക്കാര്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം ആവശ്യമില്ല. പരസ്പരം പറഞ്ഞ് മനസ്സിലാക്കി അവരവര്‍തന്നെ തിരുത്തി കൃത്യമായി ജോലി ചെയ്യണം. കൃത്യമായി ജോലി ചെയ്യാത്ത ജീവനക്കാര്‍ക്കെതിരെ മേലധികാരികള്‍ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റൻറുമാര്‍, അറ്റൻഡര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങി 800 ഓളം ജീവനക്കാര്‍ പങ്കെടുത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും പൂര്‍ണമായ സഹകരണം ഉറപ്പു നല്‍കുന്നതായും ജീവനക്കാരുടെ പ്രതിനിധികള്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, സ്‌പെഷല്‍ ഓഫിസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ്‌കുമാര്‍, നഴ്‌സിങ് ഓഫിസര്‍ ഉദയറാണി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.