കെ.എസ്.ആർ.ടി.സിയുടെ 1.78 ഏക്കർ ഭൂമി ഐ.ഒ.സിക്ക് പാട്ടത്തിന് നൽകി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 1.78 ഏക്കർ ഭൂമി ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐ.ഒ.സി) പാട്ടത്തിന് നൽകാൻ ഉത്തരവ്. തിരുവനന്തപുരം ആനയറയിലെ കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ള കടകംപള്ളി വില്ലേജിൽ സർവേ നമ്പർ 1889ൽ ഉൾപ്പെട്ട 3.50 ഏക്കറിൽനിന്ന് 1.78 ഏക്കർ സ്ഥലം ഐ.ഒ.സിക്ക് പാട്ടത്തിന് നൽകാൻ മാർച്ച് 25നാണ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിട്ടത്. സി.എൻ.ജി/എൽ.എൻ.ജി ടെർമിനൽ സ്ഥാപിക്കുന്നതിനാണ് ഭൂമി പാട്ടത്തിന് നൽകിയത്. സി.എൻ.ജി പ്ലാൻറും ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന റീട്ടെയിൽ ഒൗട്ട് ലെറ്റും സ്ഥാപിക്കുന്നതിന് ഉപപാട്ട വ്യവസ്ഥയിൽ 1.78 ഏക്കർ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ഒ.സി അധികൃതർ നേരത്തേ സർക്കാറിനെ സമീപിച്ചിരുന്നു. തുടർന്ന് കലക്ടർ ഫെബ്രുവരി ഒമ്പതിന് റിപ്പോർട്ട് നൽകിയിരുന്നു. കെ.എസ്.ആർ.ടി.സിക്ക് ഭൂമി നൽകിയ പാട്ടക്കരാർ റദ്ദാക്കി ഭൂമി തിരിച്ചെടുത്ത് റവന്യൂ വകുപ്പ് ഐ.ഒ.സിക്ക് നൽകണമെന്നായിരുന്നു റിപ്പോർട്ടിലെ നിർദേശം. ഇതി​െൻറ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമി പാട്ടത്തിന് നൽകാൻ നടപടി സ്വീകരിച്ചത്. ഭൂമിയുടെ കമ്പോള വിലയുടെ അഞ്ച് ശതമാനം നിരക്കിൽ അഞ്ചുവർഷം കൂടുമ്പോൾ പാട്ടനിരക്ക് പുതുക്കണമെന്ന വ്യസ്ഥയിലാണ് ഐ.ഒ.സിക്ക് പാട്ടം നൽകിയത്. ഭൂമി ഉപപാട്ടത്തിന് നൽകുകയോ തറവാടകക്ക് അനുവദിക്കാനോ, അന്യാധീനപ്പെടുത്താനോ, ദുരുപയോഗം ചെയ്യാനോ, പണയപ്പെടുത്താനോ പാടില്ല. അനുമതി നൽകിയ ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാവൂ. നിർമാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ ആരംഭിക്കണം. വൃക്ഷങ്ങൾ റവന്യൂ വകുപ്പി‍​െൻറ മുൻകൂർ അനുമതിയില്ലാതെ മുറിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് പാട്ടത്തിന് നൽകിയത്. ആനയറ കാർഷിക മൊത്തവ്യാപാര വിപണിയുടെ 3.50 ഏക്കർ ഭൂമി 30 വർഷത്തേക്ക് 2013ലാണ് കെ.എസ്.ആർ.ടി.സിക്ക് ബസ് ഡിപ്പോ നിർമിക്കാൻ പാട്ടത്തിന് നൽകിയത്. ഈ ഭൂമിയിൽനിന്നാണ് 1.78 ഏക്കർ ഇപ്പോൾ ഐ.ഒ.സിക്ക് പാട്ടത്തിന് കൈമാറിയത്. സംസ്ഥാന സർക്കാർ ചട്ടങ്ങൾ പ്രകാരം എല്ലാം സർക്കാർ ഭൂമിയുടെയും ഉടമാവകാശം, ഭൂമിപാട്ടത്തിന് കൊടുക്കൽ, പതിച്ചുനൽകൽ, ഭൂസംരക്ഷണം, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവയെല്ലാം റവന്യൂ വകുപ്പി‍​െൻറ അധികാരത്തിലാണ്. അതിനാലാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് നിബന്ധനകൾക്ക് വിധേയമായി വീണ്ടും പാട്ടത്തിന് നൽകിയത്. ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.