jeddha1 മലയാളി ഹാജിമാരുടെ മദീന യാത്ര മുടങ്ങി

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാരുടെ മദീന യാത്ര മുടങ്ങി. ആദ്യദിനത്തിൽ പുറപ്പെടേണ്ട 300 പേരുടെ യാത്രയാണ് തടസ്സപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മുതൽ തീർഥാടകർ ഒരുങ്ങിനിന്നെങ്കിലും ദിവസം മുഴുവൻ നീണ്ട അനിശ്ചിതമായ കാത്തിരിപ്പായിരുന്നു. ഇതിനെതിരെ ഹാജിമാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച മുതലാണ് മലയാളി ഹാജിമാരുടെ മദീന സന്ദർശനം തുടങ്ങേണ്ടിയിരുന്നത്. ഇതു സംബന്ധിച്ച് ഒരാഴ്ച മുമ്പുതന്നെ ഹാജിമാർക്ക് നിർദേശം നൽകിയിരുന്നു. അതുപ്രകാരം അസീസിയയിൽ താമസിക്കുന്ന 300ഒാളം പേർ ലഗേജുകൾ പുറത്തെത്തിച്ച് മുറി ഒഴിഞ്ഞു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർ യാത്രക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കാതായതോടെ ഹാജിമാർ ബഹളംവെച്ചു. അപ്പോഴാണ് യാത്ര ചൊവ്വാഴ്ച രാവിലത്തേക്ക് മാറ്റിയ വിവരം ഹജ്ജ് സർവിസ് കമ്പനിയുടെ പ്രതിനിധികൾ അറിയിക്കുന്നത്. ഇതോടെ ഹാജിമാർ പ്രതിഷേധം കടുപ്പിച്ചു. പെരുവഴിയിലായ ഹാജിമാർക്ക് ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യവും ഇല്ലായിരുന്നു. ഭക്ഷ്യവസ്തുക്കളും സാമഗ്രികളും ലഗേജുകളിൽ പാക്ക് ചെയ്തതും പ്രതിസന്ധിയായി. മദീനയിലെ താമസസൗകര്യവുമായി ബന്ധപ്പെട്ട തടസ്സമാണ് യാത്ര വൈകാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.