വീഴ്ച അനുവദിക്കില്ല; വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം -^ഡി.ഡി.സി

വീഴ്ച അനുവദിക്കില്ല; വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം --ഡി.ഡി.സി തിരുവനന്തപുരം: പദ്ധതി നടത്തിപ്പിലും പണികളിലും അകാരണ കാലതാമസം അനുവദിക്കില്ലെന്നും വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ജില്ല വികസന സമിതി. ഇത്തരത്തിൽ മനഃപൂർവ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല വികസന സമിതിയിൽ തീരുമാനമായി. കുടിവെള്ള പദ്ധതികളടക്കമുള്ള വിവിധ പദ്ധതികളിൽ ഇത്തരത്തിെല വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതായി കെ. ആൻസലൻ എം.എൽ.എ അറിയിച്ചു. വർഷങ്ങളോളം പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നതിന് കാരണക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടുന്ന തരത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കലക്ടർ ഡോ. കെ. വാസുകി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സർവേയർമാരുടെ സേവനം ആവശ്യമായ സ്ഥലങ്ങളിൽ ലഭ്യമാക്കുന്നതിന് അവരുടെ പ്രവർത്തന റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണം. അതി​െൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. മാലിന്യ പ്രശ്നങ്ങളിൽ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും അതിനുള്ള നടപടികൾക്ക് ജില്ല ഭരണകൂടം നേതൃത്വം നൽകി വരുകയാണെന്നും കലക്ടർ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വകാര്യബസുകൾ സമയക്രമം പാലിക്കാത്തതും കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റോപ്പുകളിൽ നിർത്താത്തതടക്കമുള്ള പരാതികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് വകുപ്പ് അധികൃതർ അറിയിച്ചു. യോഗത്തിൽ കെ. മുരളീധരൻ എം.എൽ.എ, ജില്ല പൊലീസ് മേധാവി പി. അശോക് കുമാർ, എ.ഡി.എം ജോൺ വി. സാമുവൽ, ജില്ല പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, എം.പി-എം.എൽ.എമാരുടെ പ്രതിനിധികൾ, മേയറുടെ പ്രതിനിധി, ജില്ലതല ഓഫിസർമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.