തിരുവനന്തപുരം: നഗരത്തിൽ കഞ്ചാവ് ചില്ലറ വിൽപന നടത്തിവന്നയാളെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കല്ലിയൂർ ഷൈലജാ ഭവനിൽ നന്ദു എന്ന സൂരജ് (21) ആണ് പിടിയിലായത്. പൂന്തുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുനടക്കുന്ന കഞ്ചാവ് വിൽപനക്കെതിരെ പൊലീസ് നടത്തുന്ന അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാൾ കഞ്ചാവ് കച്ചവട സൗകര്യത്തിനായി മണക്കാട് ഗംഗാനഗറിൽ വീട് വാടകെക്കടുത്ത് താമസിച്ച് വരികയായിരുന്നു. മുമ്പ് പിടിക്കപ്പെട്ട കഞ്ചാവ് കച്ചവടക്കാരിൽ നിന്നും കിട്ടിയ വിവരത്തിൽ നിന്നും പൊലീസ് ഇയാളുടെ നീക്കങ്ങൾ മനസ്സിലാക്കിയാണ് പിടികൂടിയത്. താമസസ്ഥലത്ത്നിന്ന് വിൽപനക്ക് വെച്ച നിലയിൽ കഞ്ചാവ് പൊതികളും കണ്ടെടുത്തു. നഗരത്തിലെ വിദ്യാലയങ്ങളിലെ കുട്ടികൾ ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങാറുണ്ടെന്ന് പൊലീസ് അറിയിച്ചു. 500 രൂപ, 1000 രൂപ, 3000 രൂപ പൊതികളിലായാണ് സൂരജ് കഞ്ചാവ് വിറ്റിരുന്നത്. ആവശ്യക്കാരെ ഫോൺ മുഖാന്തരവും വാട്ട്സാപ്പ് മുഖാന്തരവുമാണ് ബന്ധപ്പെട്ടിരുന്നത്. കഞ്ചാവ് വിൽപന സംഘങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് ശകതമായ നടപടികൾ എടുക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. ഡി.സി.പി ജയദേവ്, കൺേട്രാൾ റൂം അസി. കമീഷണർ വി.സുരേഷ് കുമാർ, പൂന്തുറ എസ്.ഐ സജിൻ ലൂയിസ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.