ഇഷ്​ടക്കാരനെ എൽ.സി സെക്രട്ടറിയായി തെരഞ്ഞെടുത്തു; 'ആഘോഷം' അതിരുവിട്ടപ്പോൾ പൊലീസ് പിടിയിലായി

കിളിമാനൂർ: പൂഴിക്കടകൻ ഉൾപ്പെടെ പഠിച്ചപണി പതിനെട്ടും പയറ്റി നിലവിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി മറുവിഭാഗം ഇഷ്ടക്കാരനെ കസേരയിലിരുത്തി. വൈകുന്നേരം 'ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ'യായി അൽപം ആഘോഷിച്ചു. ആഘോഷം പൊതുനിരത്തിലായതോടെ പട്രോളിങ്ങിനെത്തിയ പൊലീസ് പൊക്കി. ഒടുവിൽ സഹ ജനപ്രതിനിധിയായ 'സ്വതന്ത്ര'നെത്തി കേസില്ലാതെ പുറത്തിറക്കി. കൊല്ലം ജില്ലയിലെ കടയ്ക്കലിനോട് ചേർന്ന് കിടക്കുന്നതും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽപെട്ടതുമായ സി.പി.എം ലോക്കൽ കമ്മിറ്റിയിലാണ് 'പുറത്ത് പറയാൻ' പാടില്ലാത്ത കാര്യങ്ങൾ വ്യാഴാഴ്ച അരങ്ങേറിയത്. എൽ.സി സമ്മേളനത്തിൽ നിലവിലുള്ള സെക്രട്ടറി തുടരണമെന്ന് ചിലർ വാദിച്ചു. എന്നാൽ, ശക്തരായ മറുവിഭാഗം ഇതിനെ എതിർത്തു. വാദഗതികൾ അംഗീകരിക്കാതെ വന്നപ്പോൾ മുഴുവൻ സമയ പ്രവർത്തകനെ മാത്രമേ താക്കോൽ സ്ഥാനങ്ങളിൽ ഇരുത്താവൂ എന്ന പാർട്ടി നയം ഇവർ പുറത്തെടുത്തു. നിലവിലെ എൽ.സി സെക്രട്ടറി കെ.എസ്.ആർ.ടി.സിയിൽ ദിവസക്കൂലി കണ്ടക്ടറാണത്രേ. ഈ വാദം ഫലിച്ചു, സ്ഥാനവുംതെറിച്ചു. പിന്നിൽ കളിച്ച മുൻ ജില്ല പഞ്ചായത്ത് അംഗം, പഞ്ചായത്തംഗം എന്നിവരുടെ ഇഷ്ടക്കാരൻ എൽ.സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ഇദ്ദേഹമാകട്ടെ 24,000ത്തോളം രൂപ മാസശമ്പളം വാങ്ങുന്ന തൊഴിലുറപ്പ് പദ്ധതി ഓവർസിയറാണ്. സന്ധ്യയോടെ നടത്തിയ 'ആഘോഷയാത്ര' കടയ്ക്കൽ സ്റ്റേഷൻ പരിധിയിലെ കുന്നിൽക്കടയിലെത്തി. പൊതുനിരത്തിൽ പരസ്യമായി മദ്യപിച്ചവരെ നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് പൊക്കി. സംഘത്തിൽ മദ്യപിക്കാത്ത പ്രധാനി ഉണ്ടായിരുന്നിട്ടും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒടുവിൽ പാർട്ടിക്കെതിരെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സ്വതന്ത്രൻ സ്റ്റേഷനിലെത്തി കേസെടുക്കാതെ ഇവരെ പുറത്തിറക്കിയതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.