വർക്കല: അയിരൂരിൽ പ്രവർത്തിക്കുന്ന ഐസ്ക്രീം നിർമാണ യൂനിറ്റ് പരിസ്ഥിതി മലിനീകരണവും നാട്ടുകാർക്ക് ദുരിതവും സൃഷ്ടിക്കുന്നതായി അയൽവാസിയായ നസീർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ ഇലകമൺ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വിഭാഗം, പരിസ്ഥിതി മലിനീകരണനിയന്ത്രണ ബോർഡ് എന്നിവക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 2016 മുതൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും ഫലമില്ല. പരാതിയെ തുടർന്ന് പരിസ്ഥിതി മലിനീകരണ ബോർഡ് അധികൃതർ യൂനിറ്റ് ഉടമയോട് നിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടിട്ടും ഉടമ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതുമൂലം പ്രദേശവാസികൾക്ക് ശ്വാസതടസ്സം ഉണ്ടാകുന്നതായും മലിനജലം ഒഴുക്കിവിടുന്നതിനാൽ കിണർവെള്ളം ഉപയോഗിക്കാനാവുന്നില്ലെന്നും നസീർ പറഞ്ഞു. തെറ്റായ വിവരങ്ങൾ രേഖയാക്കി നൽകിയാണ് ഐസ്ക്രീം യൂനിറ്റ് പ്രവർത്തിപ്പിക്കാൻ ആരോഗ്യ വിഭാഗത്തിെൻറയും മലിനീകരണനിയന്ത്രണ ബോർഡിെൻറയും പഞ്ചായത്തിെൻറയും അനുമതി നേടിയതെന്നും ഈ രേഖകൾ പരിശോധിച്ച് അധികൃതർ നിജസ്ഥിതി മനസ്സിലാക്കി നടപടി കൈക്കൊള്ളണമെന്നും നസീർ ആവശ്യപ്പെടുന്നു. അതേസമയം, ആരോഗ്യവിഭാഗത്തിെൻറയും മലിനീകരണനിയന്ത്രണ ബോർഡിെൻറയും സർട്ടിഫിക്കറ്റുകളുമായാണ് ഐസ്ക്രീം യൂനിറ്റിെൻറ ഉടമസ്ഥൻ പഞ്ചായത്ത് ലൈസൻസിന് അപേക്ഷിച്ചതെന്ന് ഇലകമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എസ്. ജോസ് പറഞ്ഞു. മതിയായ രേഖകളുമായി അപേക്ഷിച്ചാൽ പഞ്ചായത്തിന് ലൈസൻസ് നൽകാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അയൽവാസിയായ നസീർ തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലമാണ് പരാതി നൽകുന്നതെന്ന് ഐസ്ക്രീം യൂനിറ്റ് ഉടമ സഫീർ പറഞ്ഞു. സർക്കാർ നിഷ്കർഷിച്ച എല്ലാ സംവിധാനങ്ങളോടും കൂടിയാണ് യൂനിറ്റ് പ്രവർത്തിപ്പിക്കുന്നത്. മലിനജലം ശാസ്ത്രീയമായ ഇ.ടി.പി പ്ലാൻറിലാണ് സംസ്കരിക്കുന്നത്. മാലിന്യം യൂനിറ്റ് വളപ്പിലിട്ട് കത്തിക്കാറില്ല. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം റീസൈക്ലിങ് യൂനിറ്റിന് മൂന്നു മാസത്തിലൊരിക്കൽ കൈമാറുകയാണ് ചെയ്യുന്നത്. പരിസ്ഥിതി മലിനീകരണനിയന്ത്രണ ബോർഡ്, ആരോഗ്യ വിഭാഗം, ഫുഡ് ആൻഡ് സേഫ്റ്റി, എക്സൈസ്, ഗ്രാമപഞ്ചായത്ത് എന്നിവയിൽനിന്നുള്ള എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ട്. ഇവിടങ്ങളിൽനിന്നുള്ള പരിശോധന സംഘങ്ങൾ പലതവണ യൂനിറ്റ് പരിശോധിച്ചിട്ടും കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സഫീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.