വലിയതുറ: വള്ളക്കടവ് പാലത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെന്ന് കാണിച്ച് ബോര്‍ഡ് സ്ഥാപിക്കാന്‍ എത്തിയ പി.ഡബ്ല്യു.ഡി സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ ഈഞ്ചക്കല്‍ ജങ്ഷനിലാണ് സംഭവം. ഗതാഗത നിയന്ത്രണ ബോർഡ് സ്ഥാപിക്കുമെന്നറിഞ്ഞ് രാവിലെ മുതൽ നാട്ടുകാര്‍ പാലത്തിന് സമീപം സംഘടിച്ചിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ പൊലീസിെൻറ സഹായവും രഹസ്യമായി തേടിയിരുന്നു. ഈഞ്ചക്കല്‍ ജങ്ഷനില്‍ ബോര്‍ഡ് സ്ഥാപിച്ചെങ്കിലും നാട്ടുകാർ കീറിയെറിഞ്ഞു. തുടര്‍ന്ന് ചീഫ് എൻജിനീയറുടെ നിര്‍ദേശപ്രകാരം സ്ഥലത്ത് എത്തിയ എക്സിക്യൂട്ടിവ് എൻജിനീയര്‍ സുരേഷ് കുമാര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. കലക്ടറുടെ നേതൃത്വത്തില്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുടര്‍ നടപടി കൈക്കൊള്ളുകയുള്ളൂവെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. 2017 മാര്‍ച്ച് 29-ന് കലക്റുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് പാലം ബലപ്പെടുത്താൻ തീരുമാനിച്ചത്. പാലത്തിലൂടെ കടന്നുപോകാന്‍ കഴിയുന്ന വാഹനങ്ങളുടെ ഭാരമനുസരിച്ചുള്ള പഠനം നടത്തി ബദല്‍ സംവിധാനം ഉൾപ്പെടെ ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പുതിയപാലം പണിയുന്നതിനുള്ള സ്ഥലം ഏറ്റെടുത്ത് പി.ഡബ്ല്യു.ഡി ഏല്‍പ്പിക്കാമെന്നുമാണ് ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനങ്ങൾ . ശേഷം മാത്രമേ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയുള്ളൂവെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഈ തീരുമാനങ്ങൾ നടപ്പാക്കാതെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പാലം പൊളിക്കാനുള്ള നടപടികളുമായി പി.ഡബ്ല്യു.ഡി അധികൃതര്‍ രംഗെത്തത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ ഷാജിത നാസര്‍, വള്ളക്കടവ് ജമാഅത്ത് പ്രസിഡൻറ് സെയ്ഫുദ്ദീന്‍ ഹാജി, സെക്രട്ടറി ഹനീഫ്, വള്ളക്കടവ് വയ്യാമൂല ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വിക്രമന്‍ നായര്‍, വള്ളക്കടവ് വിശ്വന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി വള്ളക്കടവ് നിസാം, വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വതം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.