പരസ്യ ബോര്‍ഡ് കലാകാരൻ ആര്‍ട്ടിസ്റ്റ് മധു രോഗക്കിടക്കയിൽ പേരൂര്‍ക്കട: വര്‍ണങ്ങളുടെ മികവുറ്റ സമന്വയങ്ങളിലൂടെ ഒരുകാലത്ത് ജീവന്‍ തുടിക്കുന്ന പരസ്യ ചിത്രങ്ങള്‍ക്ക് ജന്മം നല്‍കിയ കലാകാരൻ ആരോരും തുണയില്ലാതെ രോഗശയ്യയിൽ. പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളി ത്രിവേണി ഗാര്‍ഡന്‍സില്‍ ആര്യ ഭവനില്‍ ആർട്ടിസ്റ്റ് മധുവാണ് (46) ഒരുനേരത്തെ അന്നത്തിനുപോലും നിവൃത്തിയില്ലാതെ കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദേശീയപാതയോരങ്ങളില്‍ വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ജീവന്‍ തുടിക്കുന്ന പരസ്യചിത്രങ്ങളുടെ ഒരു കോണിൽ 'ആര്‍ട്ടിസ്റ്റ് മധു, തിരു:5' എന്ന് കുറിച്ചിടപ്പെട്ട സുവര്ണകാലത്തിെൻറ ഒാർമകൾ മാത്രം കൂട്ട്. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് ഭിന്നശേഷിയോടെ ജനിച്ച മധു ഒമ്പതാം ക്ലാസ് മുതൽ വര്‍ണങ്ങളുടെയും വരകളുടെയും ലോകത്തുണ്ട്. മറ്റ് കുട്ടികളെപ്പോലെ ഓടിച്ചാടി കളിക്കാന്‍ കഴിയാത്ത മധുവിെൻറ പരിമിതി പക്ഷേ നിറങ്ങളുടെ ലോകത്തിന് അനുഗ്രഹമായി. പത്താം തരം ജയിച്ച് കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എത്തിയ ശേഷമാണ് ചുവരെഴുത്ത് ആരംഭിച്ചത്. കോളജ് ചുമരുകളില്‍ മധു കോറിയിട്ട ചെഗുവേരയും മാര്‍ക്സും ചുമന്ന നക്ഷത്രങ്ങളും വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. പിന്നെ പരസ്യ ബോര്‍ഡുകളുടെ ലോകത്തെത്തി. പല പ്രശസ്ത സ്ഥാപനങ്ങളുടെ പരസ്യങ്ങളിലെയും ജീവൻതുടിക്കുന്ന മോഡലുകൾക്ക് മധുവിെൻറ കൈയൊപ്പ് പതിഞ്ഞു. മധുവിനെ തേടി വമ്പന്‍ കമ്പനിക്കാര്‍ ക്യൂ നിന്നതോടെ തിരക്കിെൻറ കാലമായി. തെരഞ്ഞെടുപ്പ് ചുവരെഴുത്തിനായി മധുവിനെ കൂട്ടിക്കൊണ്ടുപോകാന്‍ കക്ഷിഭേദമന്യേ രാഷ്ട്രീയക്കാരും കാത്തുനിന്നു. തിരക്കേറിയപ്പോഴും കൂലി കണക്കുചോദിച്ച് വാങ്ങാൻ മധു മറന്നു. പറഞ്ഞകൂലി തരാത്തവരോട് വഴക്കിടാനും അറിയാമായിരുന്നില്ല. അന്നന്ന് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് പരാതിയും പരിഭവവുമില്ലാതെ ജീവിച്ചു. ഒപ്പമുണ്ടായിരുന്ന സഹായികളെയും പോറ്റി... ഫ്ലക്സിെൻറ വരവോടെ തൊഴില്‍രംഗത്ത് കനത്ത പ്രതിസന്ധിയായി. ഒപ്പമുണ്ടായിരുന്നവര്‍ പുതിയ മേച്ചിൽപ്പുറങ്ങള്‍ തേടി. ഇതിനിടെ കടുത്ത പ്രമേഹവും കൂട്ടിനെത്തിയതോടെ മധുവിെൻറ ജീവിതം തകിടം മറിഞ്ഞു. അന്നത്തിനായി അന്യെൻറ മുന്നില്‍ കൈനീട്ടേണ്ടിവരുന്ന ദുരവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ പല മാര്‍ഗങ്ങളും തേടി. ക്ഷേത്രചുമര്‍ശിൽപങ്ങളെ പെയിൻറടിച്ച് പുതിയതാക്കുന്ന വിദ്യ പരീക്ഷിച്ചെങ്കിലും അനാരോഗ്യം കാരണം പിടിച്ചുനില്‍ക്കാനായില്ല. സ്ക്രീന്‍ പ്രിൻറിങ്, പോര്‍ട്രയിറ്റ് രംഗത്ത് ഉപജീവനം കണ്ടെത്താനുള്ള അവസാനശ്രമത്തിലും നിരാശയായിരുന്നു ഫലം. പ്രമേഹം കാരണം ബലക്കുറവുള്ള കൈകള്‍ക്ക് ബ്രഷ് വഴങ്ങാതായി. നല്ലവരായ അയല്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം മാത്രമാണ് ഇപ്പോൾ ആശ്വാസം. ദുരിതക്കിടക്കയില്‍നിന്ന് രക്ഷിക്കാന്‍ മനുഷ്യസ്നേഹികളായ സന്മനസ്സുകള്‍ എത്തുമെന്ന പ്രതീക്ഷയില്‍ വഴിക്കണ്ണുമായി കാത്തുകിടക്കുകയാണ് മധു. ഫോൺ: 9895179424 അജിത് കട്ടയ്ക്കാൽ ചിത്രം: 01: ആർട്ടിസ്റ്റ് മധു ഇന്ന്. 02. ആർട്ടിസ്റ്റ് മധു ഫയല്‍ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.