പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ തഴയരുത് -വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരം: പഠിക്കുന്നവരെ മാത്രം പ്രോത്സാഹിപ്പിക്കുകയും പിന്നാക്കം നിൽക്കുന്നവരെ തഴയുകയും ചെയ്യുന്ന അവസ്ഥ പൊതുവിദ്യാലയങ്ങളിൽ ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. എയ്ഡഡ് സ്കൂളുകളിലെ ഒമ്പതാംക്ലാസ് വിദ്യാർഥികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ആരംഭിക്കുന്ന നവപ്രഭ പരിഹാരബോധന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ കുട്ടികളെയും മിടുക്കരാക്കുകയെന്നതാണ് ലക്ഷ്യം. എല്ലാ ക്ലാസുകളിലും എല്ലാ വിഷയങ്ങളിലും മികവുണ്ടാക്കുന്നതിന് ആവിഷ്‌കരിച്ച സമഗ്ര പദ്ധതി, ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ കണക്ക് പഠനം ലളിതമാക്കുന്ന ഗണിതം വിജയം, ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതികള്‍ക്ക് പുറമെ ഭാഷാ പഠനം ലളിതമാക്കുന്നതിന് പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി തുടങ്ങിയ പദ്ധതികളും സ്‌കൂളുകളില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിൽ മക്കളെ അയക്കുന്ന രക്ഷാകർത്താക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ എല്ലാ സ്കൂളുകൾക്കും കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി സെൻറ് ജോസഫ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നിഖിൽ ബേബിച്ചൻ രൂപകൽപന ചെയ്ത നവപ്രഭ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും മന്ത്രി പ്രകാശനം ചെയ്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, എസ്. ഉണ്ണികൃഷ്ണൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അംബുരാജ്, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ കെ.സി. ഹരികൃഷ്ണൻ, പി. ഹരിഗോവിന്ദൻ, സെൻറ് ജോസഫ്സ് മാനേജർ ഡോ. ഡൈസൻ, പ്രിൻസിപ്പൽ പി.ജെ. വർഗീസ്, പി.ടി.എ പ്രസിഡൻറ് ബി.എൽ. മധുമോഹൻ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ പ്രോജക്ട് ഡയറക്ടർ രാഹുൽ, അഡീഷനൽ പ്രോജക്ട് ഡയറക്ടർ പി.എസ്. മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.