ശംഖുംമുഖം മുതല്‍ വേളി വരെ കടലിൽ 'ജലചുഴലി'

ശംഖുംമുഖം: കടലിൽ പൊടുന്നനെയുണ്ടായ 'ജലചുഴലി' (വാട്ടര്‍സ്പൗട്ട്) ശംഖുംമുഖം മുതൽ വേളിവരെ തീരപ്രദേശത്തെ ആശങ്കയിലാഴ്ത്തി. ഞായാറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. തെളിഞ്ഞുനിന്ന ആകാശത്ത് പെട്ടന്ന് കാര്‍മേഘങ്ങള്‍ ഇരുണ്ട്മൂടുകയും മേഘങ്ങള്‍ക്കിടയില്‍നിന്ന് മിന്നല്‍ കടലിലേക്ക് പതിക്കുകയും ചെയ്തു. തുടർന്ന് കടല്‍ ഇളകി ചുഴി രൂപപ്പെട്ട് വെള്ളം ഏറെ ഉയരത്തില്‍ ഉയര്‍ന്ന് പൊങ്ങിക്കൊണ്ടിരുന്നു. ഇതിനൊപ്പം തീരത്തേക്ക് അടിക്കുന്ന തിരമാലകളുടെ ശക്തിയും കൂടി. ഇതോടെ തീരത്ത് നിന്നവര്‍ ഭീതിയോടെ കരയിലേക്ക് ഓടിക്കയറി. മത്സ്യത്തൊഴിലാളികളും ഭീതിയിലായി. എന്നാല്‍, ഇത് അസാധാരണ പ്രതിഭാസമെല്ലന്നും ഇടക്കിടെ കടലില്‍ പ്രത്യക്ഷപ്പെടുന്ന 'വാട്ടർസ്പൗട്ട്' പ്രതിഭാസമാെണന്നും ചുഴലിക്കാറ്റിന് സമാനമാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കരയിലാണ് സംഭവിക്കുന്നതെങ്കില്‍ തീരത്ത് കിലോമീറ്ററോളം നാശനഷ്ടങ്ങള്‍ വിതക്കാനുള്ള കഴിവ് ഇതിനുണ്ട്. കടലില്‍ 'വാട്ടർസ്പൗട്ട്' നടക്കുന്ന സമയം വെള്ളത്തെ അന്തരീഷത്തിലേക്ക് വലിച്ചെടുക്കാനുള്ള കഴിവുണ്ട്. അതിനാലാണ് കടല്‍വെള്ളം ഫണല്‍ രൂപത്തില്‍ ഉയര്‍ന്നുപൊങ്ങിയത്. പ്രതിഭാസം രൂപപ്പെടുന്ന സമയത്ത് കടലിലുള്ള ബോട്ടുകളും വള്ളങ്ങളും വട്ടംകറങ്ങി അപകടം സംഭവിക്കാനുള്ള സാധ്യത എറെയാണ്. ഇടിമിന്നല്‍ മേഘങ്ങള്‍ക്കിടയില്‍ പെട്ടന്ന് ഉണ്ടാക്കുന്ന മര്‍ദവ്യത്യാസമാണ് 'വാട്ടര്‍സ്പൗട്ടി'ന് കാരണമാകുന്നത്. ഞായറാഴ്ചയായിരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതിരുന്നത് അപകടങ്ങള്‍ ഒഴിവാക്കി. ആനയുടെ തുമ്പിക്കൈ രൂപത്തില്‍ 'വാട്ടര്‍സ്പൗട്ട്' പ്രത്യക്ഷപ്പെടുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇതിനെ 'ആനക്കാല്‍ പ്രതിഭാസം' എന്നാണ് വിളിക്കുന്നത്. മുമ്പ് വര്‍ക്കലയിലും ശംഖുംമുഖത്തും വിഴിഞ്ഞത്തും ഇതേ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.