ഏകോപനത്തിലും ഗതിവേഗത്തിലും സമാനതകളില്ലാതെ ശുചിത്വ സാഗരം

കൊല്ലം: നിര്‍വഹണത്തിലെ ഗതിവേഗത്തിലും വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലും സാമാനതകളില്ലാത്ത അനുഭവമാണ് ശുചിത്വ സാഗരം പദ്ധതി. ഫിഷറീസ് വകുപ്പ്, ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ്, ശുചിത്വമിഷന്‍, സാഫ്, ക്ലീന്‍ കേരള കമ്പനി, നെറ്റ്ഫിഷ്, എം.പി.ഇ.ഡി.എ, കെ.എസ്.ഐ.ഡി.സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളും ബോട്ട് ഓണേഴ്‌സ് അസോസിയേഷനും ഒരേ മനസ്സോടെയാണ് പദ്ധതിക്കായി അണിനിരന്നത്. കടല്‍ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തി​െൻറ അപകടവും പ്രതിവിധിയും ബോട്ട് ഓണേഴ്‌സ് അസോ. പ്രവര്‍ത്തകരാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മുന്നിലെത്തിച്ചത്. അജൈവ മാലിന്യം ട്രോളിങ് ബോട്ടുകളില്‍ ശേഖരിച്ച് കരയിലെത്തിച്ചാല്‍ സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചതോടെ പ്രതീക്ഷനിര്‍ഭരമായ ഒരു പദ്ധതിക്ക് തുടക്കമാവുകയായിരുന്നു. കഴിഞ്ഞ ജൂലൈ 27ന് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നടത്തി. ദിവസങ്ങള്‍ക്കുള്ളില്‍ 15 സാഫ് വനിത വളൻറിയര്‍മാര്‍ക്ക് ശുചിത്വ മിഷ​െൻറ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ ശാസ്ത്രീയ പരിശീലനം നല്‍കി. മാലിന്യ ശേഖരണത്തിനുള്ള 2000 ക്യാരിബാഗുകള്‍ ബോട്ട് ഉടമകള്‍ക്ക് നെറ്റ്ഫിഷ് തയാറാക്കി നല്‍കി. ആഗസ്റ്റ് അഞ്ചിന് അജൈവ മാലിന്യ ശേഖരവുമായി കരയിലെത്തിയ ബോട്ടുകളില്‍നിന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ സാഫ് വനിതകള്‍ പ്ലാസ്റ്റിക് മാലിന്യം ഏറ്റുവാങ്ങി. പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് സ്ഥാപിക്കാൻ ആവശ്യമായ 14.70 ലക്ഷം രൂപ ശുചിത്വ മിഷനില്‍നിന്ന് തുടര്‍ന്ന് അനുവദിച്ചു. മാലിന്യ സംസ്‌കരണത്തിന് ഇതുവരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാത്രമായി ഫണ്ട് നല്‍കിയിരുന്ന ശുചിത്വ മിഷന്‍ ആദ്യമായി ഒരു വകുപ്പിന് തുക കൈമാറുന്നത് ശുചിത്വ സാഗരം പദ്ധതിയിലൂടെയാണെന്ന പ്രത്യേകതയുമുണ്ട്. ഒക്‌ടോബറില്‍ തന്നെ ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പിന് ഈ ഫണ്ട് കൈമാറിയിരുന്നു. ശുചിത്വമിഷ​െൻറ അക്രഡിറ്റഡ് ഏജന്‍സിയായ ക്ലീന്‍ കേരള കമ്പിനിയെ പ്ലാസ്റ്റിക് ഷ്രെഡിങ് യന്ത്രം സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏല്‍പിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി. നീണ്ടകര ഹാര്‍ബര്‍ എൻജിനീയറിങ്ങി​െൻറ കെട്ടിടം നവീകരിച്ചാണ് മാലിന്യസംസ്‌കരണ യൂനിറ്റ് സ്ഥാപിച്ചത്. ഫിഷറീസ് ഡയറക്ടറായിരുന്ന ഡോ. എസ്. കാര്‍ത്തികേയന്‍ കലക്ടറായി ചുമതലയേറ്റതും പദ്ധതി നിര്‍വഹണത്തിന് സഹായകമായി. ദിനംപ്രതി ഒരുടണ്‍ സംസ്‌കരണ ശേഷിയുള്ള യൂനിറ്റാണിത്. 60 ദിവസം യൂനിറ്റ് സുഗമമായി പ്രവര്‍ത്തിപ്പിക്കാനുള്ള പ്ലാസ്റ്റിക് ഇതിനോടകം സംഭരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിനെ ചെറുകഷണങ്ങളാക്കി മാറ്റുന്ന ഷ്രെഡിങ് യൂനിറ്റിനൊപ്പം ബോട്ടിലുകളെ സംസ്‌കരിക്കാനുള്ള ബെയിലിങ് യൂനിറ്റും പ്രവര്‍ത്തിപ്പിക്കും. പ്രായോഗിക നിയന്ത്രണം ക്ലീന്‍ കേരള കമ്പനിയും സാങ്കേതിക മേല്‍നോട്ടം ശുചിത്വ മിഷനും നിര്‍വഹിക്കും. ബോട്ട് ഓണേഴ്‌സ് അസോ., മത്സ്യത്തൊഴിലാളി സംഘടനകള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ ഏകോപന ചുമതല ഫിഷറീസ് വകുപ്പിനാണ്. പദ്ധതി നിര്‍വഹണം ഏറ്റെടുത്ത ബോട്ട് ഓണേഴ്‌സ് അസോസിയേഷനെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും മത്സ്യത്തൊഴിലാളി സംഘടനകളെയും മന്ത്രിമാരായ ടി.എം. തോമസ് ഐസക്കും ജെ. മേഴ്‌സിക്കുട്ടിയമ്മയും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.