വനംവകുപ്പ്​ ഡിപ്പോകളിൽ കോടികളുടെ തടി നശിക്കുന്നു

പത്തനാപുരം: വനംവകുപ്പ് തടി വിൽപന ഡിപ്പോകളിൽ ലേലം നടക്കാത്തതുമൂലം കോടിക്കണക്കിന് രൂപയുടെ തടികൾ നശിക്കുന്നു. നിത്യേന പത്തും പതിനഞ്ചും ലോഡ് തടികൾ കയറ്റിയിറക്ക് നടത്തിയിരുന്നത് ഇപ്പോൾ മാസത്തിൽ ഒന്നോ രണ്ടോ ലോഡിൽ ഒതുങ്ങി. തടി ലോഡിങ്ങിനെ മാത്രം ആശ്രയിച്ചിരുന്ന തൊഴിലാളികൾ മറ്റ് തൊഴിലുകൾ തേടേണ്ട അവസ്ഥയിലാണ്. തടിലേലത്തി​െൻറ പുതിയ ഓൺലൈൻ വ്യാപാരമാണ് തടി വ്യാപാരികളെയും തൊഴിലാളികളെയും ഏറെ ബുദ്ധിമുട്ടിലാക്കിയത്. തടിലേലം ദിവസവും നടക്കാത്തതാണ് പ്രശ്നമായത്. ജി.എസ്.ടിക്ക് പുറമെ വനംവകുപ്പി​െൻറ നികുതിവ്യവസ്ഥയും കച്ചവടക്കാരെ തടിലേലത്തിൽനിന്ന് പിന്തിരിപ്പിച്ചു. നേരത്തെ ലേലത്തിനായി ഇതരസംസ്ഥാനങ്ങളിൽനിന്ന് തടി വ്യാപാരികൾ എത്തിയിരുന്നു. പുതിയനികുതി വ്യവസ്ഥയും മറ്റ് നിയമങ്ങളും കാരണം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യാപാരികൾ എത്തുന്നില്ല. ഇന്ന് മുന്തിയ ഇനം തടികൾക്കുവേണ്ടി മാത്രമാണ് വ്യാപാരികൾ എത്തുന്നത്. മറ്റ് തടികൾ ചിതലെടുത്ത് നശിക്കുകയാണ്. തേക്ക്, ആഞ്ഞിലി, മരുതി, ഉന്നം, മഹാഗണി തടികൾക്ക് പുറമെ തേക്കിൻകഴകളും നശിക്കുന്നു. വനംവകുപ്പി​െൻറ തടി വിൽപനവിഭാഗം കേന്ദ്രങ്ങളായ പുനലൂർ, തിരുവനന്തപുരം, കോട്ടയം, പെരുമ്പാവൂർ, കോഴിക്കോട് ഡിപ്പോകൾക്ക് പുറമെ നൂറുകണക്കിന് ശേഖരണ (ഡമ്പിങ്) ഡിപ്പോകളിലും കോടിക്കണക്കിന് രൂപയുടെ തടികൾ ലേലംനടക്കാതെ നശിക്കുന്നുണ്ട്. വനംവകുപ്പി​െൻറ പുനലൂർ തടി വിൽപനവിഭാഗം പരിധിയിൽ വരുന്ന വാഴത്തോപ്പ്, പത്തനാപുരം, തൂയം, വീയപുരം, അരീക്കൽക്കാവ് തുടങ്ങിയ ഡിപ്പോകളിലും തടി ശേഖരണ ഡിപ്പോകളിലും ദിനംപ്രതി ലോഡ് കണക്കിന് തടി കയറ്റിറക്ക് നടന്നിരുന്നതാണ്. ഇവിടെയെല്ലാമായി ആയിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. പുതിയനിയമത്തി​െൻറ കാരണത്താൽ ജോലിലഭ‍്യമാകാതെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയായതിനൊപ്പം കോടിക്കണക്കിന് രൂപയുടെ തടികൾ നശിക്കുന്നത് അധികൃതർ അറിയാതെ പോകുന്നു എന്നതാണ് വാസ്തവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.