ഭക്ഷ്യധാന്യം ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി -^മന്ത്രി പി. തിലോത്തമന്‍

ഭക്ഷ്യധാന്യം ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി --മന്ത്രി പി. തിലോത്തമന്‍ വലിയതുറ: സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യം ഒരുമണി അരിപോലും ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് മന്ത്രി പി. തിലോത്തമന്‍. വലിയതുറയില്‍ സപ്ലൈകോയുടെ പുതിയ പൊതുവിതരണ ശൃംഖല ഗോഡൗണി​െൻറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൊത്തവിതരണക്കാര്‍ വഴി റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യുന്ന സമ്പ്രദായം ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതോടെ അവസാനിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍തന്നെ എഫ്.സി.ഐയില്‍നിന്ന് റേഷന്‍കടകള്‍ വരെ എത്തിക്കുന്നതിനാല്‍ മുമ്പുണ്ടായിക്കൊണ്ടിരുന്ന ചോര്‍ച്ചകള്‍ ഒഴിവാക്കാനാകും. ഇത്തരത്തില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യം ശേഖരിച്ച് വിതരണം ചെയ്യാനാണ് പുതിയ ഗോഡൗണുകള്‍ നിര്‍മിക്കുന്നത്. പുതിയ ഗോഡൗണ്‍ വലിയതുറയില്‍ യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലേക്കും തിരുവനന്തപുരം ജില്ലയിലേക്കും ആവശ്യമായ ഭക്ഷ്യധാന്യം ശേഖരിക്കാന്‍ സൗകര്യമാകും. എല്ലാ താലൂക്കുകളിലും ഗോഡൗണുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി സ്ഥലം കണ്ടെത്തി നല്‍കാന്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതി​െൻറ ഭാഗമായി ഒരു നേരത്തെ ഭക്ഷണം കഴിക്കാനാകാത്ത ആളുകള്‍ക്ക് സൗജന്യമായോ സൗജന്യനിരക്കിലോ ആഹാരം ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്നുണ്ട്. ആദ്യഘട്ടനടപടികള്‍ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍ ഷാജിത നാസര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നരസിംഹഗാരു ടി.എന്‍. റെഡ്ഡി, വിവിധ തൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി സ്വാഗതവും സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ നന്ദിയും പറഞ്ഞു. വലിയതുറ ഡിപ്പോയില്‍ മൂന്നാം നമ്പര്‍ ഗോഡൗണാണ് പുതുതായി നിര്‍മിക്കുന്നത്. 2324.97 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഗോഡൗണും 53.28 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഓഫിസുമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.