ഹാദിയയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം : വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി തുടർനടപടികൾ സ്വീകരിക്കാൻ സർക്കാറിന് ചുമതലയുണ്ടെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ കോട്ടയം ജില്ല പൊലീസ് മേധാവി ആവശ്യമായ നടപടികൾ സ്വീകരിക്കണം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ നിരീക്ഷണങ്ങൾക്കും നിർദേശങ്ങൾക്കും നിയമ പ്രസക്തിയില്ലെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു. കോട്ടയം ജില്ല പൊലീസ് മേധാവി കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹൈകോടതി ഉത്തരവ് പ്രകാരം ഹാദിയയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകുന്നുണ്ട്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഹാദിയയുടെ മൊഴിയെടുക്കാൻ പാടില്ലെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ടി​െൻറ റിപ്പോർട്ടിൽ പറയുന്നു. നിയമോപദേശത്തി​െൻറ പകർപ്പും റിപ്പോർട്ടിനൊപ്പം ഹാജരാക്കി. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതി തെറ്റാണെന്ന് പിതാവ് കെ.എം. അശോകൻ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. ഹാദിയയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുനവ്വറലി ശിഹാബ് തങ്ങൾ, ഷംനാദ് ബദർ, അമ്മു തോമസ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.