തിരുവനന്തപുരം: ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയത്. ഇതോടെ 10 ദിവസം നീളുന്ന ഉത്സവത്തിന് തിരിതെളിഞ്ഞു. തന്ത്രി തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാടിന്‍െറ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. പഞ്ചലോഹത്തില്‍ നിര്‍മിതമായ കാപ്പുകളില്‍ ഒന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തിയുടെ കൈയിലും കെട്ടുന്ന പ്രധാന ചടങ്ങാണ് കാപ്പുകെട്ട്. വാദ്യമേളങ്ങളുടെയും ദേവീമന്ത്രങ്ങളുടെയും അകമ്പടിയോടെയായിരുന്നു ചടങ്ങുകള്‍. ദേവിയെ പച്ചപ്പന്തലില്‍ കുടിയിരുത്തിയതോടെ പ്രധാന ചടങ്ങായ തോറ്റംപാട്ടിനും തുടക്കമായി. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് ഇതില്‍ പറയുന്നത്. ഉച്ചപൂജ, ഉച്ചശ്രീബലി, ഭഗവതിസേവ, അത്താഴപൂജ തുടങ്ങിയ പൂജകളും നടന്നു. കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ ജയറാം നിര്‍വഹിച്ചു. അംബാ പ്രസാദത്തിന്‍െറ പ്രത്യേക പതിപ്പ് നടന്‍ മണിയന്‍പിള്ള രാജു പ്രകാശനം ചെയ്തു. നടി ലക്ഷ്മി ഗോപാലസ്വാമിയും 25 നര്‍ത്തകരും അവതരിപ്പിച്ച ഗണേശം ആയിരുന്നു ആദ്യ ദിവസത്തെ പ്രധാന പരിപാടി. തിരക്ക് പരിഗണിച്ച് കര്‍ശന സുരക്ഷയും ഒരുക്കിയിരുന്നു. ആയിരത്തോളം പൊലീസുകാരെയാണ് ആദ്യഘട്ടത്തില്‍ നിയോഗിച്ചത്. ഭജന, ശാസ്ത്രീയ നൃത്തം, സംഗീതക്കച്ചേരി എന്നിവ കൂടാതെ ബാലഭാസ്കര്‍ അവതരിപ്പിക്കുന്ന ഫ്യൂഷന്‍നൈറ്റും ശനിയാഴ്ച അരങ്ങേറും. ഞായറാഴ്ച കുത്തിയോട്ട വ്രതാരംഭത്തിനും തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.