കാരിബാഗ് പരിശോധന തുടരുന്നു; 700 കിലോ പിടിച്ചെടുത്തു

തിരുവനന്തപുരം: പ്ളാസ്റ്റിക് കാരിബാഗുകളുടെ നിരോധനത്തെ തുടര്‍ന്ന് നഗരത്തിലെ നാനൂറിലധികം വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭ നടത്തിയ പരിശോധനയില്‍ 700 കിലോ പ്ളാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുത്തു. വിവിധ ഹെല്‍ത്ത് സര്‍ക്കിളുകളിലായി 18 സ്ക്വാഡുകളാണ് വെള്ളിയാഴ്ച പരിശോധനക്കിറങ്ങിയത്. വ്യാപാരികളില്‍ പലരും പ്രകൃതി സൗഹൃദമായ ബദല്‍ മാര്‍ഗങ്ങളിലേക്ക് മാറിത്തുടങ്ങിയതായി കോര്‍പറേഷന്‍ അവകാശപ്പെട്ടു. വലിയ വ്യാപാര സ്ഥാപനങ്ങള്‍ പലതും തങ്ങളുടെ സ്ഥാപനത്തിന്‍െറ പേര് പ്രിന്‍റ് ചെയ്ത പേപ്പര്‍, തുണി ബാഗുകള്‍ വിപണിയില്‍ എത്തിച്ചു. വരും ദിവസങ്ങളിലും പരിശോധനകളും നടപടികളും ശക്തമായി തുടരുമെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. വ്യാഴാഴ്ച നടന്ന പരിശോധയില്‍ നാനൂറോളം കടയില്‍നിന്നായി 2750 കിലോ പ്ളാസ്റ്റിക്-പോളിപ്രൊപ്പലീന്‍ ബാഗുകള്‍ പിടിച്ചെടുത്തിരുന്നു. കോര്‍പറേഷന്‍െറ നടപടിക്കെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത് വന്നിരുന്നു. ബദല്‍സംവിധാനം നടപ്പാക്കാതെ കടകളില്‍ കയറിയുള്ള കാരിബാഗ് പിടിച്ചെടുക്കല്‍ അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും സമരപരിപാടികളുടെ ഭാഗമായി ആക്ഷന്‍ കൗണ്‍സിലും രൂപവത്കരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.