വിഴിഞ്ഞം: ബിവറേജസ് ഔട്ട്െലറ്റ് മാറ്റിസ്ഥാപിക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകിയ കെട്ടിടം വർഷങ്ങൾക്ക് മുമ്പ് ഉടമ അനധികൃതമായി വയൽനികത്തിയ പ്രദേശത്ത് നിർമിച്ച ഗോഡൗണെന്ന് ആരോപണം. വില്ലേജ് ഓഫിസിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്ററിൽ (ബി.ടി.ആർ) സ്ഥലം നിലം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു രേഖകളിൽ കൃത്രിമം നടത്തി സ്ഥലം പുരയിടമായി രേഖപ്പെടുത്തിയിരിക്കുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കോട്ടുകാൽ പുന്നകുളം മേഖലയിൽ പ്രവർത്തിച്ചിരുന്ന ബെവ്കൊ ഔട്ട്െലറ്റാണ് മന്നോട്ടുകോണം മേഖലയിലേക്ക് മാറ്റിസ്ഥാപിക്കുന്നത്. അതീവ രഹസ്യമായാണ് ഇതിെൻറ പ്രവർത്തനങ്ങൾ നടന്നുവന്നത്. ഒരാഴ്ച മുമ്പ് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജനവാസകേന്ദ്രത്തിൽ ബിവറേജ് ഔട്ട്െലറ്റ് വരുന്ന കാര്യം അറിഞ്ഞത്. കോട്ടുകാൽ വില്ലേജ് ഓഫിസിലെ 171/6 , 171/17 എന്നിങ്ങനെയുള്ള സർവേ നമ്പറുകളിൽ വരുന്ന 30 സെൻറ് ഭൂമിയാണ് ബിവറേജ് ഔട്ട്െലറ്റ് പ്രവർത്തിക്കാനായി ഉടമ എക്സൈസ് വകുപ്പിന് നൽകിയത്. വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ അടിസ്ഥാന ഭൂനികുതി രജിസ്റ്ററിൽ (ബി.ടി.ആർ) ഈ സ്ഥലം നിലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഇതിൽനിന്ന് പകർത്തി എഴുതുന്ന തണ്ടപ്പേര് രജിസ്റ്ററിൽ സ്ഥലം പുരയിടമായി രേഖപ്പെടുത്തിയിരിക്കുന്നു. രേഖകളിൽ കൃത്രിമം നടന്നുവെന്നാണ് ആരോപണം. 2008ന് ശേഷം വയൽ നികത്തൽ നിയമം നിലനിൽക്കെ അനധികൃതമായി മണ്ണിട്ട് നികത്തി ഗോഡൗൺ നിർമിച്ച സ്ഥലത്ത് ബിവറേജ് ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി നൽകിയ തീരുമാനത്തിൽ ദുരൂഹത ഉയരുകയാണ്. നിയമപ്രകാരം വീടുവെക്കാൻ വയൽ നികത്തണമെങ്കിൽ അപേക്ഷകന് മറ്റ് ഭൂമി ഇല്ലാതിരിക്കണം. പഞ്ചായത്ത് പരിധിയിൽ പരമാവധി 10 സെൻറ് സ്ഥലം മാത്രമേ നികത്താൻ അനുവാദം ലഭിക്കൂ. അപേക്ഷ റവന്യൂ ഡിവിഷനൽ ഓഫിസർ അധ്യക്ഷനായുള്ള കമ്മിറ്റി പരിഗണിച്ചു നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമാകും അനുമതി നൽകുക. എന്നാൽ, ഇവിടെ മുപ്പതോളം സെൻറ് വയലാണ് അനധികൃതമായി നികത്തി ഗോഡൗൺ നിർമിച്ചിരിക്കുന്നത്. വയൽ നികത്തി നിർമിച്ച ഈ കെട്ടിടത്തിന് എങ്ങനെ പഞ്ചായത്ത് അനുമതി നൽകി എന്നതിലും ദുരൂഹത ഉയരുകയാണ്. കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിച്ചതിലും സംശയമുയരുന്നു. വിഷയത്തിൽ ജില്ല കലക്ടർ ഇടപെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം മദ്യവിരുദ്ധ ജനകീയസമിതി പ്രവർത്തകർ എക്സൈസ് കമീഷണറുമായി ചർച്ച നടത്തിയെങ്കിലും മറ്റൊരു സ്ഥലം കണ്ടുപിടിച്ചു നൽകിയാൽ ബിവറേജ് ഔട്ട്െലറ്റ് മാറ്റിസ്ഥാപിക്കാം എന്ന മറുപടിയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.