തിരുവനന്തപുരം: ജി.എസ്.ടിയുടെ പേരിൽ നിർമാണ വകുപ്പിലെ ഉദ്യോഗസ്ഥരും ട്രഷറി ഉദ്യോഗസ്ഥരും അനാവശ്യമായി കരാറുകാരെ പീഡിപ്പിക്കുകയാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ. ജൂൺ 30 വരെ ചെയ്ത പ്രവൃത്തികൾ ജി.എസ്.ടിയുടെ പരിധിയിൽ വരില്ലെന്നും അവക്ക് വാറ്റ് നികുതി മാത്രം ബാധകമാണെന്നും ജി.എസ്.ടി ആക്ടിലും സർക്കാർ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, 2017 മാർച്ചിൽ സമർപ്പിച്ച ബില്ലുകൾക്ക് പോലും ജി.എസ്.ടി ബാധകമാണെന്ന തരത്തിലാണ് പല ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നതെന്ന് കെ.ജി.സി.എ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇക്കാര്യത്തിൽ വകുപ്പ് മന്ത്രിമാരും ചീഫ് എൻജിനീയർമാരും അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണം. ജൂൺ 30വരെ ചെയ്ത പ്രവൃത്തികളുടെ അളവുകൾ മെഷർമെൻറ് ബുക്കിൽ രേഖപ്പെടുത്താനും അവയുടെ ബില്ലുകൾ യഥാർഥ തീയതിവെച്ച് തയാറാക്കാനും ഉദ്യോഗസ്ഥർ തയാറാകുന്നില്ലെങ്കിൽ കരാറുകാർക്ക് ഭീമമായ നഷ്ടമുണ്ടാകും. ജൂലൈ ഒന്നിന് മുമ്പ് ടെൻഡർ ചെയ്ത പ്രവൃത്തികൾ, ജി.എസ്.ടിയിലേക്ക് മാറ്റപ്പെടുന്ന സാഹചര്യത്തിൽ കരാറുകാർക്കുണ്ടാകുന്ന അധികനഷ്ടമായ 14 ശതമാനം സർക്കാർ വകുപ്പുകൾ ഏറ്റെടുക്കണം. ഇനി ടെൻഡർ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും 18 ശതമാനം തുക ജി.എസ്.ടിക്ക് വേണ്ടി പ്രത്യേകമായി വകയിരുത്തണം. വാറ്റ് പ്രകാരം നികുതി ഈടാക്കുന്ന ബില്ലുകളുടെ റിട്ടേണുകൾ സമർപ്പിക്കാനുള്ള കാലപരിധി, ബില്ലുകളുടെ പണം കരാറുകാർക്ക് ലഭിക്കുന്നതുവരെ ദീർഘിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരവാഹികളായ അഷ്റഫ് കടവിളാകം, ഇ.എ. വഹാബ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.