വനാതിർത്തികളിലെ വൈദ്യുതിവേലികൾ പ്രവർത്തനരഹിതം * അഴിമതിയെന്ന് ആരോപണം

പത്തനാപുരം: ലക്ഷങ്ങൾ മുടക്കി വനാതിർത്തികളിൽ നിർമിച്ച വൈദ്യുതിവേലികൾ പ്രവർത്തനരഹിതം. വേലിയുടെ അനുബന്ധ സംവിധാനങ്ങൾ പലതും സ്വകാര്യ വ്യക്തികൾ കൈക്കലാക്കിയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് കടശ്ശേരി, എലപ്പക്കോട്, വെള്ളംതെറ്റി എന്നീ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് വേലി സ്ഥാപിച്ചത്. കാടിനുള്ളിലെ ജനവാസമേഖലക്ക് ചുറ്റും വേലി നിർമിക്കുകയും കമ്പികളിലേക്ക് വൈദ്യുതി കടത്തി വിടുന്നതിനായി ബാറ്ററികൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഉദ്ഘാടന ദിവസം മാത്രം പ്രവർത്തിച്ച വേലി തുടർന്ന് പ്രവർത്തനരഹിതമായി. കാര്യമന്വേഷിച്ച നാട്ടുകാരോട് ബാറ്ററിയുടെ പോരായ്മയാണ് അധികൃതർ പറഞ്ഞ കാരണം. എന്നാൽ ആദ്യദിവസങ്ങൾ വേലിയിലൂടെ പൂർണ തോതിൽ വൈദ്യുതി കടത്തിവിട്ടിരുന്നു. തുടർന്നാണ് ബാറ്ററി നഷ്ടമായ വിവരം പൊതുജനങ്ങളെ അറിയിച്ചതത്രെ. പദ്ധതി നടത്തിപ്പിൽ വൻ അഴിമതി നടന്നതായി പ്രദേശവാസികൾ പറയുന്നു. നിലവിൽ പകുതി ഭാഗത്ത് മാത്രമാണിപ്പോൾ വൈദ്യുതി പ്രവാഹമുള്ളത്. ഇത് കാരണം കാട്ടാന അടക്കം ജനവാസമേഖലകളിലേക്ക് എത്തുന്നുണ്ട്. പരാതിയുമായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.