ലോ അക്കാദമി പ്രക്ഷോഭം 13ാം ദിനം പിന്നിട്ടു; സമരം പൊളിക്കാന്‍ സി.ഐ ശ്രമിക്കുന്നെന്ന്

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം 13ാം ദിനം പിന്നിട്ടു. വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്തും ഭീഷണിപ്പെടുത്തിയും സമരം പൊളിക്കാന്‍ പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രമിക്കുന്നതായി പരാതി. തിങ്കളാഴ്ച അക്കാദമി കാമ്പസില്‍ എത്തിയ കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റ് ക്രിസ്റ്റിന്‍ മാത്യുവിനെ സി.ഐ കഴുത്തിനുപിടിച്ചുതള്ളുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിക്ക് പരാതി നല്‍കിയതായി ക്രിസ്റ്റിന്‍ മാത്യു പറഞ്ഞു. സമരപ്പന്തലുകളില്‍ ഭീതിപരത്തിയും വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്തും സി.ഐ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അക്കാദമിയിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. കേരളത്തിലെ സ്വാശ്രയ മാനേജ്മെന്‍റുകളെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ലോ അക്കാദമിയിലെ പ്രശ്നപരിഹാരത്തിന് പ്രിന്‍സിപ്പല്‍ രാജിവെക്കണം. വിദ്യാര്‍ഥികള്‍ക്ക് വേണ്ടാത്ത പ്രിന്‍സിപ്പല്‍ തുടരുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ് സംഘടനകളുടെ സമരപ്പന്തലും സന്ദര്‍ശിച്ച കുമ്മനം അവരെയും അഭിവാദ്യം ചെയ്താണ് മടങ്ങിയത്. ലോ അക്കാദമി പ്രശ്നത്തില്‍ മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.