ബുള്ളറ്റിൽ ഉലകം ചുറ്റിയ മൂവർ സംഘം തിരിച്ചെത്തി

ചാത്തന്നൂർ: റോഡ് സുരക്ഷാ സന്ദേശവുമായി ബുള്ളറ്റിൽ ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾ ചുറ്റിയ മൂവർ സംഘം തിരിച്ചെത്തി. പാരിപ്പള്ളി സ്വദേശി ശ്രീരാജ് അശോക്, മുൻനാവിക ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി സജി, മലപ്പുറം വാഴക്കാട് സ്കൂൾ അധ്യാപകൻ സിദ്ദീഖ് അലി എന്നിവരാണ് കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കൊല്ലത്ത് നിന്ന് യാത്ര തിരിച്ചത്. മൂന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റുകളിൽ ടെൻഡുകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായാണ് നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് സംഘം തിരിച്ചത്. കൊല്ലത്തുനിന്ന് കർണാടക, ഗുജറാത്ത്, ഹൈദരാബാദ്, അരുണാചൽപ്രദേശ്, ജമ്മു-കശ്മീർ വഴി നേപ്പാളിലേക്കായിരുന്നു ആദ്യയാത്ര. ഹെൽമറ്റ് ധരിക്കൂ, ട്രാഫിക് നിയമങ്ങൾ പാലിക്കൂ, അപകടം ഒഴിവാക്കൂ എന്നീ സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളും വഹിച്ചായിരുന്നു യാത്ര. യാത്രാക്ഷീണമകറ്റാൻ വഴിയോരങ്ങളിൽ ടെൻഡ്കെട്ടി അന്തിയുറങ്ങിയും ഒാരോ നാടും സംസ്കാരവും അനുഭവിച്ചറിഞ്ഞും 80 ദിവസം കൊണ്ട് 22,000 കിലോമീറ്റർ താണ്ടിയാണ് യാത്ര പൂർത്തിയാക്കിയത്. ഒാരോ രാജ്യത്തെയും വിമുക്തഭടന്മാരുടെ ഗ്രൂപ്പുകൾ സ്വീകരണം നൽകിയതായും ഭൂട്ടാനിൽ ലഭിച്ച സ്വീകരണം എടുത്ത് പറയത്തക്കതാണെന്നും സംഘാംഗങ്ങൾ പറഞ്ഞു. ഇന്ത്യയിൽ 18,000 അടി ഉയരത്തിലുള്ള അപകടമേഖലയായ ലഡാക്കിലെ കർദുംഗ്ലാ, വാഗാ അതിർത്തി തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളും മൂവർസംഘം സന്ദർശിച്ചു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയ സംഘത്തിന് മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.