കടലിനെ ഞങ്ങൾക്ക് അറിയാം, പക്ഷേ ഞങ്ങളെയറിയാൻ ഈ സർക്കാർ വൈകിപ്പോയി

പൂന്തുറ: രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളെയും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കില്‍ നിരവധി ജീവൻ കടലില്‍ പൊലിയാതെ സംരക്ഷിക്കാമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ വള്ളക്കാര്‍. അഞ്ചാം നാള്‍ പൂന്തുറ സ്വദേശി ആരോഗ്യദാസി​െൻറ മൃതദേഹം ആഴക്കടലില്‍നിന്ന് വള്ളക്കാര്‍ കണ്ടെടുക്കുമ്പോള്‍ മൃതദേഹത്തിന് മണിക്കൂറി​െൻറ പഴക്കം മാത്രമേയുള്ളൂവെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചത്. ഒരു പക്ഷേ 'ഓപറേഷൻ സിനർജി'യിൽ കടലറിയാവുന്ന ഒരു മത്സ്യത്തൊഴിലാളിയെങ്കിലും ഉൾപ്പെടുത്തിയിരുന്നെങ്കിൽ മരണസംഖ്യ ഇത്രയും ഉയരില്ലെന്ന് സർക്കാറി​െൻറ വിലക്ക് ലംഘിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു. മീൻപിടിത്തക്കാർ സ്ഥിരം കടലിൽ പോകുന്ന ഇടങ്ങളിലായിരുന്നില്ല നേവിയും എയർഫോഴ്സും കോസ്റ്റ് ഗാർഡും ആദ്യദിനങ്ങളിൽ തിരച്ചിൽ നടത്തിയതെന്ന് ഇവർ ആരോപിക്കുന്നു. ദിക്കറിയാതെ, കടലറിയാതെ രക്ഷാപ്രവർത്തനം നീണ്ടതോടെ കടലിൽ പലരും മരിച്ചുവീഴുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായുള്ള തെരച്ചില്‍ കാര്യക്ഷമമെല്ലന്ന് ആരോപിച്ച് ഞായറാഴ്ച പൂന്തുറയില്‍നിന്ന് 40 വള്ളങ്ങളില്‍ 10 ഗ്രൂപ്പുകളാണ് കടലിലേക്ക് പോയിരുന്നത്. ഉൾക്കടലിൽ തകർന്ന വള്ളത്തി​െൻറ അടിയിൽനിന്നാണ് ഇവർ ആരോഗ്യദാസിനെ കണ്ടെത്തിയത്. വള്ളത്തിലേക്ക് കയറ്റിയ മൃതദേഹത്തിന് ഒരു പോറലുമുണ്ടായില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ടോമി പറയുന്നു. വള്ളം എത്തുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ആരോഗ്യദാസ് മരിക്കുന്നത്. അതുവരെ തകർന്ന വള്ളത്തിന് മുകളിൽ ജീവനോടെ ആരോഗ്യദാസ് ഉണ്ടായിരുന്നു. കൂടെ പണിക്ക് വരുന്നവരെ വെറുതെ മരണത്തിലേക്ക് തള്ളിവിടുന്നത് കാണുമ്പോഴാണ് സാറേ, ഞങ്ങളുടെ പ്രതിഷേധം അതിരുകടക്കുന്നത്. കടലിൽ ഞങ്ങൾക്ക് രാഷ്ട്രീയമില്ല. ഞങ്ങൾക്ക് കടലിനെ അറിയാം. അതി​െൻറ ഉള്ളുകലങ്ങിയാൽ ഞങ്ങളറിയും. പക്ഷേ, ഞങ്ങളെ അറിയാൻ ഈ സർക്കാർ വൈകിപ്പോയി-കലങ്ങിയ കണ്ണുമായി ടോമി പറയുന്നു. ഫോട്ടോ: ടോമി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.