ഉമ്മൻ ചാണ്ടി പൊഴിയൂർ സന്ദർശിച്ചു; ആവലാതികളുമായി തീരദേശവാസികൾ

പാറശ്ശാല: പന്ത്രണ്ടുപേരെ കാണാതായ പൊഴിയൂർ തീരദേശത്തെ വീടുകളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശനം നടത്തി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ പൊഴിയൂർ ജങ്ഷനിൽ എത്തിയ ഉമ്മൻ ചാണ്ടി ആദ്യം ഫിഷർമെൻ കോളനിയിലെ മേരി ജോണി​െൻറ വീട്ടിൽ സന്ദർശനം നടത്തി. മേരിജോണും അലക്സാണ്ടറും കഴിഞ്ഞ ചൊവ്വാഴ്ച മത്സ്യബന്ധനത്തിന് പോയെങ്കിലും അവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. വീട്ടുകാരോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ഉമ്മൻ ചാണ്ടിയോട് നിറകണ്ണുകളോടെ തങ്ങൾ അനുഭവിക്കുന്ന വേദന പങ്കുവെക്കുകയും സർക്കാർ കാണാതായവരെ കണ്ടെത്താൻ തങ്ങളെ സഹായിക്കുന്നതിൽ വിമുഖത കാണിച്ചതായും പറഞ്ഞു. അപകട മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിൽ ഇവരാരുംതന്നെ കടലിൽ പോകില്ലായിരുന്നുവെന്നും സർക്കാർ പ്രതിനിധികളാരും പൊഴിയൂർ പ്രദേശത്ത് ഇതുവരെ തിരിഞ്ഞുനോക്കിയിെല്ലന്നും ബന്ധുക്കൾ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു. തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചാണ് ഉമ്മൻ ചാണ്ടി അവിടെനിന്ന് മടങ്ങിയത്. തുടർന്ന് കൊല്ലംകോട് ദേവാലയത്തിന് സമീപമെത്തി രക്ഷപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുമായും വിവരങ്ങൾ ചോദിച്ചു. തങ്ങളോടൊപ്പമുണ്ടായിരുന്ന മറ്റ് നാലുപേരെക്കുറിച്ച് വിവരങ്ങളില്ലെന്ന് അവർ പറഞ്ഞു. തുടർന്ന് പരുത്തിയൂർ പള്ളി മേടയിൽ എത്തി ഇടവക വികാരിയുമായും അംഗങ്ങളുമായും വിവരങ്ങൾ ചോദിച്ചു. ചെറുവള്ളങ്ങളിൽ പോയ 12 പേരും വലിയ ബോട്ടുകളിൽ പോയ 39 പേരും ഉൾപ്പെടെ 51 പേരെ ഇവിടെനിന്ന് കാണാതായെന്നും അവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും അദ്ദേഹത്തോട് പറഞ്ഞു. സർക്കാറി​െൻറ തെരച്ചിൽ കാര്യക്ഷമമല്ലെന്നും 300 നോട്ടിക്കൽ മൈൽ വരെ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാറുണ്ടെന്നും സർക്കാർ സംവിധാനം 150 മൈൽ വരെ മാത്രമേ തിരച്ചിൽ നടത്തിയുള്ളൂവെന്നും അവർ പറഞ്ഞു. ഒരുമാസത്തിനാവശ്യമായ സന്നാഹങ്ങളോടെ അഞ്ച് ബോട്ടുകൾ സർക്കാർ നൽകിയാൽ തങ്ങൾ തെരച്ചിൽ നടത്തി കാണാതായവരെ കണ്ടെത്താമെന്നും ഇടവക ജനങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. തുടർന്ന് ഉമ്മൻ ചാണ്ടി മന്ത്രി െജ. മേഴ്‌സിക്കുട്ടിയമ്മയെ ഫോണിൽ ബന്ധപ്പെട്ട് കാണാതായവരെ കണ്ടെത്താൻ ആവശ്യമായതെല്ലാം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിമാരോ എം.എൽ.എമാരോ പൊഴിയൂർ പ്രദേശം സന്ദർശിക്കാത്തത് തീർത്തും അപലപനീയമാണെന്നും സർക്കാർ ഉണർന്നുപ്രവർത്തിക്കേണ്ടിയിരുന്നുവെന്നും ഉമ്മൻ ചാണ്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫോട്ടോ ഉമ്മൻ ചാണ്ടി മേരിജോണി​െൻറ വീടും പള്ളിമേടയും സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.