ഉടയവനെവിടെ?;​ റോഡ്​ ഉപരോധിച്ച്​ ജിമ്മിയുടെ നിശ്ശബ്​ദ പ്രതിഷേധം

തിരുവനന്തപുരം: നാലു ദിവസമായി ജിമ്മി ഭക്ഷണം കഴിച്ചിട്ടില്ല. കാരണം 96 മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു അവ​െൻറ ഉടയവൻ ജോസ് ഉൾപ്പെടെ 10പേരെ ആഴക്കടലിൽ കാണാതായിട്ട്. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും മാറോടണച്ച് ഒന്ന് ഉറക്കെ കരയാൻ ശേഷിയില്ലാതെ ജോസി‍​െൻറ ഭാര്യ ശോശാമ്മ കുടിലിൽ തളർന്നുവീണിട്ട് രണ്ടുദിവസം. സമാധാനിപ്പിക്കാൻ നാട്ടുകാരല്ലാതെ ആരുമെത്തിയിട്ടില്ല. അവസാനം അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ജിമ്മിക്ക് തന്നെ രംഗത്തിറങ്ങേണ്ടിവന്നു. കുരച്ചോ, കണ്ണിൽകണ്ടവരെ കടിച്ചോ അല്ല. റോഡ് ഉപരോധിച്ചു, അതും ഏറെ തിരക്കുള്ള വലിയതുറ റോഡ്. നായയുടെ പ്രതിഷേധത്തിൽ വലിയതുറയുടെ കണ്ണ് തുറന്നു. ജിമ്മിയുടെ ഉപരോധത്തിന് പിന്തുണ അർപ്പിച്ച് നാട്ടുകാരും ഒത്തുചേർന്നതോടെ ശനിയാഴ്ച തലസ്ഥാനത്തെ തീരപ്രദേശത്ത് ആദ്യ സമരജ്വാല തെളിഞ്ഞു. രണ്ടുവർഷം മുമ്പാണ് തെരുവിലെ കുപ്പത്തൊട്ടിയിൽനിന്ന് ജോസ് എല്ലും തോലുമായ ഒരു നായെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. അവന് ജിമ്മിയെന്ന് പേരുമിട്ടു. ഭാര്യ ശോശാമ്മ ആദ്യമെതിർത്തെങ്കിലും ജോസി​െൻറ ജിമ്മിയുടെ സ്നേഹത്തിന് മുന്നിൽ എതിർപ്പുകൾ കടപുഴകി. ജോസ് നൽകുന്ന ഭക്ഷണമേ ജിമ്മി കഴിക്കൂ. ഇത് മനസ്സിലാക്കി പണിക്കിറങ്ങുന്നതിന് മുമ്പ് ജോസ് ആഹാരം നൽകും. തിരികെയെത്തുന്നതു വരെ ഒട്ടിയ വയറുമായി ജിമ്മി ജോസിനെയും കാത്തിരിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് ജിമ്മിക്ക് ചോറും മീൻകൂട്ടാനും നൽകി ജോസ് പോയത്. വ്യാഴാഴ്ച തിരിച്ചെത്തേണ്ട ജോസും കൂട്ടരും എത്തിയില്ലെന്ന കാര്യം അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെയാണ് ജിമ്മി റോഡിലേക്കെത്തിയത്. ജിമ്മിക്ക് പുറമെ ശോശാമ്മയും കുട്ടികളും എത്തിയതോടെ പരിസരവാസികളും ഒപ്പം ചേരുകയായിരുന്നു. പൊലീസെത്തിയെങ്കിലും ഇവരെ പിന്തിരിക്കാൻ കഴിഞ്ഞില്ല. ആരോഗ്യനില വഷളായതിനെ തുടർന്ന് ശോശാമ്മയെ രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴും സമരത്തിൽനിന്ന് പിന്മാറാൻ ജിമ്മി കൂട്ടാക്കിയിട്ടില്ല. ജിമ്മിക്കും ജോസി‍​െൻറ മക്കൾക്കും കൂട്ടായി നാട്ടുകാരുമുണ്ട്. ഒപ്പം കടലിൽ കാണാതാ‍‍‍‍യ ഒമ്പതുപേരുടെ കുടുംബവും. -അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.