കാട്ടാക്കട: തലസ്ഥാനവാസികളുടെ കുടിവെള്ളം മുട്ടാതിരിക്കാൻ നെയ്യാർ ജലസംഭരണിയിൽനിന്ന് അരുവിക്കര ഡാമിലേക്ക് ജലം എത്തിക്കുന്നതിനുള്ള പദ്ധതികൾ അടിയന്തരമായി തീരുമാനിക്കാൻ ജലവിഭവ മന്ത്രിയും സംഘവും നെയ്യാർഡാമിലെത്തി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് മന്ത്രി മാത്യു .ടി.തോമസ് ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ജല അതോറിറ്റി എം.ഡി ഷൈനാമോൾ എന്നിവരടങ്ങുന്ന വൻ ഉദ്യോഗസ്ഥ സംഘം എത്തിയത്. നെയ്യാർഡാമിലെത്തിയ മന്ത്രിയും സംഘവും അണക്കെട്ടും കാപ്പുകാട് റിസർവോയറും സന്ദർശിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം ഉച്ചയോടെയാണ് മടങ്ങിയത്. കാട്ടാക്കട- അരുവിക്കര ശുദ്ധജലപദ്ധതിക്ക് ജലമെത്തിക്കുന്ന പേപ്പാറ അണക്കെട്ടിൽ കഷ്ടിച്ച് ഒരു മാസത്തേക്കുള്ള ജലം മാത്രമേയുള്ളൂവെന്നും അതിനാൽ ജലഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതോടൊപ്പം നെയ്യാർ അണക്കെട്ടിൽനിന്ന് അരുവിക്കര ഡാമിലേക്ക് ജലമെത്തിക്കുന്നതിന് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. നെയ്യാർ അണക്കെട്ടിലെ കാപ്പുകാട് നിന്ന് വെള്ളം പമ്പ് ചെയ്ത് ഒമ്പതുകിലോമീറ്ററോളം ദൂരം പ്രത്യേക പൈപ്പുകൾ സ്ഥാപിച്ച് കാര്യോട്-കുമ്പിൾമൂട് തോട് വഴി കരമനയാറ്റിലെ അണിയിലകടവിൽ എത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. 30 ദിവസം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 41കോടി രൂപയോളം ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അണെക്കട്ടിലെ കാപ്പുകാട് നിന്ന് വെള്ളം പമ്പ് ചെയ്ത് പൈപ്പുകൾവഴി കാര്യോട്-കുമ്പിൾമൂട് തോട്ടിൽ എത്തിച്ചശേഷം തോട്ടിൽ പ്ലാസ്റ്റിക് വിരിച്ച് വെള്ളം കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്. തോട്ടിലെ മാലിന്യങ്ങളും ജലശോഷണവും തടയാനാണ് തോട്ടിലൂടെ പൈപ്പുകളിടുന്നത്. ജലമോഷണം തടയാൻ വാച്ചർമാരെ നിയോഗിക്കുന്നതോടൊപ്പം തോടും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.