വർക്കല: വികസനപദ്ധതികൾ ആവിഷ്കരിക്കാനും ഫലപ്രദമായി നടപ്പാക്കാനും സർക്കാറിെൻറ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് എത്തിക്കാനും രൂപം നൽകിയ ഗ്രാമസഭകൾ കേവലം ചടങ്ങായി മാറുന്നു. ജനപങ്കാളിത്തവും കുറയുന്നു. പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിലും ജനകീയാസൂത്രണം രണ്ടാംഘട്ടമെന്ന നിലയിലും ഇപ്പോൾ നടന്നുവരുന്ന ഗ്രാമസഭയോഗങ്ങൾക്ക് സവിശേഷമായ പ്രാധാന്യമാണുള്ളത്. സംസ്ഥാന സർക്കാർ വിശാലമായ ലക്ഷ്യങ്ങൾ മുൻനിർത്തി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് നവകേരള മിഷൻ. ഇതിൽ ആർദ്രം, ഹരിതകേരളം, സമ്പൂർണപാർപ്പിടം, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്നിവയൊക്കെ വളരെ കരുതലോടെയും കൂടിയാലോചനകളിലൂടെയും നിർവഹിക്കേണ്ടവയാണ്. പദ്ധതികൾ വിജയത്തിലെത്തിക്കാൻ ഏറ്റവും താഴെത്തട്ടിലുള്ള ആളുകളുടെ സാന്നിധ്യം, സഹകരണം എന്നിവ അത്യാവശ്യമാണ്. എന്നാൽ േക്വാറം തികയാതെയുള്ള ഗ്രാമസഭകളിലൂടെ പദ്ധതി നടപ്പാക്കുന്നത് നിർവഹണ ഉദ്യോഗസ്ഥർ വലിയ ആശങ്കയോടെയാണ് കാണുന്നത്. അതത് വാർഡുകളിലെ തെരഞ്ഞെടുത്തയച്ച മെംബർമാരും നാട്ടുകാരും തമ്മിലുള്ള ബന്ധത്തിൽ വലിയ അകലം രൂപപ്പെട്ടതാണ് ഗ്രാമസഭകളുടെ പരാജയമെന്ന് വിലയിരുത്തലുണ്ട്. രാഷ്ട്രീയ സ്വാധീനവും മെംബർമാരുടെ ഇഷ്ടക്കാർക്കും സ്വന്തക്കാർക്കുമായി ആനുകൂല്യങ്ങൾ വീതിച്ചെടുക്കൽ എന്നിവ മൂലമാണ് ഗ്രാമസഭകളിൽ നിന്ന് ബഹുഭൂരിപക്ഷം സാധാരണക്കാരെയും അകന്നുനിൽക്കാൻ പ്രേരിപ്പിക്കുന്നത്. വസ്തുതകൾ ഇതായിരിക്കെ അത്തരം വീഴ്ചകൾ പരിഹരിക്കാനോ ഗ്രാമസഭകൾ ചട്ടപ്രകാരം നടത്താനോ വാർഡ് മെംബർമാരുടെ ഭാഗത്തുനിന്ന് യാതൊരു ശ്രമങ്ങളും നടക്കുന്നുമില്ല. ഒരിക്കൽ േക്വാറം തികയാതെവന്നാൽ വീണ്ടും ജനപങ്കാളിത്തത്തോടുകൂടി ഗ്രാമസഭ ചേരണമെന്നാണ് നിയമം. എന്നാൽ, അതിനൊന്നും മെംബർമാരും മുതിരാറില്ല. അതിനായി രേഖകളിൽ കൃത്രിമം കാട്ടി വേഗത്തിൽ ഗ്രാമസഭനടപടികൾ പൂർത്തിയാക്കുകയാണ് ഇപ്പോൾ പതിവ്. മിക്കയിടങ്ങളിലും കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, അംഗൻവാടി പ്രവർത്തകർ എന്നിവരാണ് ഗ്രാമസഭകൾ നിർണയിക്കുന്നത്. ആനുകൂല്യങ്ങൾ അവർ വീതിച്ചെടുക്കും. അതുതന്നെയാണ് പഞ്ചായത്ത് മെംബർമാരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ മെംബർമാരുടെ ജോലികൾ നിർവഹിക്കുന്നതും പലപ്പോഴും കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.