തിരുവനന്തപുരം: അനന്തപുരിയുടെ രാജവീഥികളെ ആഘോഷത്തിമിര്‍പ്പില്‍ ആറാടിച്ച് സാംസ്കാരിക ഘോഷയാത്ര. ഞായറാഴ്ച രാവിലെ മുതല്‍ ഘോഷയാത്ര കാണാനായി ജില്ലക്കകത്തും പുറത്തുംനിന്നുമായി പതിനായിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയത്. വൈകീട്ട് അഞ്ചരയോടെ മാനവീയം വീഥിയില്‍നിന്നാരംഭിച്ച ഘോഷയാത്രയെ വരവേല്‍ക്കാന്‍ രണ്ടുമണിമുതല്‍തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ വഴിയോരങ്ങളില്‍ കാത്തുനിന്നു. കാട്ടാക്കട, അമ്പൂരി, വെള്ളറട, പാറശ്ശാല തുടങ്ങി തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും കൊല്ലം ഭാഗത്തെ ഓയൂര്‍, അഞ്ചല്‍, പാരിപ്പള്ളി, നെടുമങ്ങാട്, വിതുര, പാലോട്, തൊളിക്കോട്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ജനം എത്തി. ഘോഷയാത്ര കടന്നുപോയ മ്യൂസിയം, പാളയം, എല്‍.എം.എസ് ജങ്ഷന്‍, യൂനിവേഴ്സിറ്റി കോളജിന് മുന്‍വശം, സ്റ്റ്യാച്യു, പുളിമൂട്, ആയുര്‍വേദ കോളജ് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഘോഷയാത്രക്ക് മുന്നോടിയായി സ്റ്റ്യാച്യു, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ ഗാനമേളകള്‍ സംഘാടകര്‍ ഒരുക്കിയിരുന്നു. എന്നാല്‍, ഘോഷയാത്ര യൂനിവേഴ്സിറ്റി കോളജിന് മുന്നിലത്തെിയതും ജനങ്ങള്‍ ഗാനമേള വേദി കൈയേറി. പൊലീസ് ഇടപെട്ട് ജനങ്ങളെ സ്റ്റേജില്‍നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കലാപരിപാടി ഉപേക്ഷിക്കുകയായിരുന്നു. തൃശൂരില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുലികളിറങ്ങിയതോടെയാണ് ആവേശം അണപൊട്ടിയത്. പുലികള്‍ക്ക് വി.ഐ.പി ഗാലറിയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകൊടുത്തതോടെ ജനം ഇളകിമറിഞ്ഞു. ഇതോടെ വി.ഐ.പി ഗാലറിയിലിരുന്നവര്‍ അടക്കം റോഡിലിറങ്ങി ഫോട്ടോയെടുക്കലായി. സ്പെന്‍സര്‍ ജങ്ഷനില്‍ പൊലീസിനെ കാഴ്ചക്കാരാക്കി വിദേശികള്‍ ഡാന്‍സും ആര്‍പ്പുവിളിയും തുടങ്ങിയതോടെ ന്യൂജനറേഷനും സധൈര്യം രംഗത്തിറങ്ങി. പഞ്ചവാദ്യം , ശിങ്കാരിമേളം, ചെണ്ട, ബാന്‍ഡ്, പെരുമ്പറ മേളങ്ങള്‍ക്കൊപ്പം താളം പിടിച്ചും ആര്‍പ്പുവിളിച്ചും അവര്‍ കലാകാരന്മാരെ ആവേശത്തിലാഴ്ത്തി. മേളത്തിനൊപ്പം ഫ്രീക്കന്മാരും കൂടിയതോടെ ആവേശം ഉച്ചസ്ഥായിയിലായി. ഒന്നും കളിക്കാതെ പോകുന്ന കലാകാരന്മാരെ കൂകി വിളിച്ചും കലാപ്രകടനം നടത്തിപ്പോകുന്നവരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് പ്രായമായവരടക്കം ന്യൂജനറേഷന് പിന്തുണ പ്രഖ്യാപിച്ചു. ആവേശം അതിരുവിട്ടതോടെ സെക്രട്ടേറിയറ്റിന് മുന്‍വശത്തടക്കം വടംകെട്ടി പൊലീസ് ജനങ്ങളെ നിയന്ത്രിക്കേണ്ടിവന്നു മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കലാരൂപങ്ങള്‍ ആദ്യമായി ഘോഷയാത്രയില്‍ ഉള്‍പ്പെടുത്തിയതും പുതുമയുള്ള കാഴ്ചയായി. ഒഡിഷയില്‍നിന്ന് സംബല്‍പുരി, ഗുജറാത്തില്‍നിന്ന് സിഡി ധമാല്‍, മധ്യപ്രദേശില്‍നിന്ന് ഗുഡുംബജ, ഹരിയാനയില്‍നിന്ന് ഫ്ഗ, ഖൂമര്‍, കര്‍ണാടകയില്‍നിന്ന് ഡോല്‍കുനിത, സോമകുനിത, പുതുച്ചേരിയില്‍നിന്ന് സിലമ്പാട്ടം, ആന്ധ്രപ്രദേശില്‍നിന്ന് ഗരകാലു, തെലങ്കാനയില്‍നിന്ന് മാധുരി, ധിംസ, തമിഴ്നാട്ടില്‍നിന്ന് കരകം, ഡമ്മി ഹോഴ്സ് എന്നീ കലാരൂപങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും മത്സരിക്കുകയായിരുന്നു. ഘോഷയാത്രയോടനുബന്ധിച്ച് വന്‍ ഗതാഗാത ക്രമീകരണമാണ് പൊലീസ് ഒരുക്കിയതെങ്കിലും നഗരം ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി. രാത്രി ഒമ്പതോടെയാണ് ഗതാഗതം പഴയപടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.