വര്‍ണം വാരിവിതറി... അലകടലൊഴുകി...

തിരുവനന്തപുരം: അനന്തപുരിയെ മനംകുളിര്‍പ്പിച്ച ഓണംവാരാഘോഷത്തിന് പകിട്ടാര്‍ന്ന ഘോഷയാത്രയോടെ സമാപനം. പരമ്പരാഗത കലാരൂപങ്ങളും താളമേളങ്ങളും മിഴിവേകിയ സാംസ്കാരിക ഘോഷയാത്ര ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ മാനവീയം വീഥിക്കുമുന്നില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഫ്ളാഗ്ഓഫ് ചെയ്തു. വാദ്യോപകരണമായ ‘കൊമ്പ്’ മുഖ്യകലാകാരന് ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ കൈമാറിയതോടെ ഘോഷയാത്രക്ക് തുടക്കമായി. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ടവരെ റോഡിനിരുവശവും ഉച്ചമുതല്‍തന്നെ സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ ഇരിപ്പിടം ഉറപ്പിച്ചിരുന്നു. രാവിലെ അനുഭവപ്പെട്ട മഴമൂടിക്കെട്ടിയ അന്തരീക്ഷം ആശങ്കക്ക് ഇടം നല്‍കിയെങ്കിലും ഉച്ചക്കുശേഷം തെളിഞ്ഞതോടെ ആശ്വാസമായി. പൂജപ്പൂര റോളര്‍ സ്കേറ്റിങ് അക്കാദമിയുടെ റോളര്‍ സ്കേറ്റിങ്ങോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. തൊട്ടുപിറകെ മണക്കാട് അനന്തപുരി റോളര്‍ സ്കേറ്റിങ്ങിന്‍െറ സ്കേറ്റിങ്ങും വള്ളക്കടവ് സ്പാര്‍ക് റോളര്‍ സ്കേറ്റിങ് ക്ളബുമത്തെി. ചെണ്ടമേളം, അശ്വാരൂഢസേന, ആലവട്ടം , വെഞ്ചാമരം, മുത്തുക്കുട തുടങ്ങിയ കലാപ്രകടനങ്ങളും പിന്നെ അനുഗമിച്ചു. മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച 100 പുരുഷന്മാരും ഓലക്കുടയുമായി മോഹിനിയാട്ട നര്‍ത്തകിമാരും നടന്നുനീങ്ങി. ആഫ്രിക്കന്‍ ഡാന്‍സ്, ദഫ്മുട്ട്, ഒപ്പന, ചവിട്ടുനാടകം, കളരിപ്പയറ്റ്, വട്ടപ്പാട്ട്, തെയ്യം, കഥകളി, വേലകളി, പുലികളി, അമ്മന്‍കൊട, കഥകളി, നീലക്കാവടി ഉള്‍പ്പെടെ 46 ഇനം നാടന്‍ കലാരൂപങ്ങളും മേളക്ക് കൊഴുപ്പേകി. യൂനിവേഴ്സിറ്റി കോളജിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വി.ഐ.പി പവിലിയനില്‍ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലവും എത്തിയിരുന്നു. ഗവര്‍ണര്‍ പി. സദാശിവം ഫ്ളാഗ് ഓഫിനുശേഷം യൂനിവേഴ്സിറ്റി കോളജിനു മുന്നിലെ വേദിയിലത്തെി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.സി. മൊയ്തീന്‍, കെ. രാജു, എം.എല്‍.എമാരായ കെ. മുരളീധരന്‍, ഐ.ബി. സതീഷ്, ബി. സത്യന്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി ബി. സന്ധ്യ, മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് പത്മിനി തോമസ്, നടി സോന നായര്‍, കവി ഗിരീഷ് പുലിയൂര്‍ തുടങ്ങിയവര്‍ വി.ഐ.പി വേദിയിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.