സംരക്ഷിതഭവനങ്ങളിലെ കുട്ടികള്‍ക്ക് വീടുകളില്‍ താല്‍ക്കാലിക താമസത്തിന് പദ്ധതി

തിരുവനന്തപുരം: സര്‍ക്കാര്‍സംരക്ഷിതഭവനങ്ങളിലെ കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന സംവിധാനം ജില്ലയില്‍ നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി. സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളാല്‍ ഒറ്റപ്പെട്ടുപോകുന്ന ഇത്തരം കുട്ടികളുടെ പുനരധിവാസത്തിന് ഇത് ഏറെ ഗുണകരമാകുമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിനുള്ള ശ്രമങ്ങള്‍ അടിയന്തരമായി തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെയും സ്ത്രീകളുടെയും സാമൂഹികനീതി സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തെ വെക്കേഷന്‍, ക്രിസ്മസ്-ഓണം അവധികള്‍, വാരാന്ത്യങ്ങള്‍ തുടങ്ങി പ്രത്യേക കാലയളവില്‍ കുട്ടികളുടെ സംരക്ഷണം കുടുംബങ്ങള്‍ക്ക് നല്‍കുന്ന രീതിയാണ് താല്‍ക്കാലിക സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോയ് ജെയിംസ്, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ബിന്ദു ഗോപിനാഥ്, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ.കെ. സുബൈര്‍, മഹിളാസമഖ്യ സൊസൈറ്റി ഡയറക്ടര്‍ പി.ഇ. ഉഷ, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ അനിതാ ദീപ്തി, സര്‍ക്കാര്‍ സംരക്ഷണ ഭവനങ്ങളുടെ അധികാരികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.