പൊലീസ് മര്‍ദനം: യുവാവില്‍നിന്ന് റൂറല്‍ എസ്.പി. മൊഴിയെടുത്തു

ആറ്റിങ്ങല്‍: പൊലീസ്മര്‍ദനത്തിനിരയായ യുവാവില്‍നിന്ന് റൂറല്‍ എസ്.പി മൊഴിയെടുത്തു. ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറ്റിങ്ങല്‍ കൊട്ടിയോട് മോളി കോട്ടേജില്‍ ആര്‍.എസ്. പ്രതീഷില്‍നിന്നാണ് (36) റൂറല്‍ എസ്.പി. ഷെഫിന്‍ അഹമ്മദ് നേരിട്ടത്തെി മൊഴിയെടുത്തത്. മോഷണക്കുറ്റം ചുമത്തി മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതീഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വിശദ റിപ്പോര്‍ട്ട് തയാറാക്കാനായി ആറ്റിങ്ങല്‍ എ.സി ആര്‍. ആദിത്യക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും മൂവാറ്റുപുഴ എസ്.ഐയെയും രണ്ടു പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തതായും എസ്.പി അറിയിച്ചു. തയ്യല്‍ തൊഴിലാളിയായ പ്രതീഷ് ഒരുവര്‍ഷം മുമ്പാണ് ഗള്‍ഫില്‍നിന്ന് നാട്ടിലത്തെിയത്. പത്രത്തില്‍ പരസ്യം കണ്ടാണ് കഴിഞ്ഞ മാസം 22 ന് വാഴക്കുളത്തെ തയ്യല്‍ കടയില്‍ ജോലിക്കത്തെിയത്. കട ഉടമയുടെ ആനിക്കാട്ടുള്ള വീട്ടിലായിരുന്നു താമസം. സമീപത്തെ വീടുകളില്‍ അടുത്തിടെ മോഷണം നടന്നിരുന്നു. 26ന് രാത്രി ഒരു സംഘം എത്തി പിടികൂടി കാറില്‍ കയറ്റിക്കൊണ്ടുപോയി മൂവാറ്റുപുഴ സ്റ്റേഷനില്‍ എത്തിച്ചു. എസ്.ഐയും സംഘവും വിലങ്ങുവെച്ച് മര്‍ദിച്ച് അവശനാക്കുകയായിരുന്നത്രേ. തുടര്‍ന്ന് നാലുദിവസം കേസ് ചാര്‍ജ് ചെയ്യാതെ മൂവാറ്റുപുഴ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചാണ് മൂന്നാംമുറകള്‍ അരങ്ങേറിയത്. പൊലീസിനെയും അക്രമികളെയും ഭയന്ന് പ്രതീഷ് അവിടത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് വരുകയായിരുന്നു. ഇവിടെ നിന്ന് പിന്നീട് വീടിനുസമീപത്തെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അഡ്വ. ബി. സത്യന്‍ എം.എല്‍.എ, നഗരസഭാചെയര്‍മാന്‍ എം. പ്രദീപ് എന്നിവര്‍ സന്ദര്‍ശിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തു. പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവാവിനെ പൊലീസ് മാരകമായി മര്‍ദിച്ചത് സംബന്ധിച്ച് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുമെന്ന് എം.എല്‍.എ അറിയിച്ചിട്ടുണ്ട്. കുറ്റം സമ്മതിക്കാത്തതിനാല്‍ നഗ്നനാക്കി ശരീരത്തില്‍ മുളക് അരച്ച് പുരട്ടിയതായും പ്രതീഷ് റൂറല്‍ എസ്.പിയോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.