അടിസ്ഥാന സൗകര്യങ്ങളില്ല; തീരദേശ സ്കൂളുകള്‍ പ്രതിസന്ധിയില്‍

വലിയതുറ: അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടി തീരദേശത്തെ സര്‍ക്കാര്‍ സ്കൂളുകള്‍. പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണിത്. ചില സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായതോടെ വിദ്യാര്‍ഥികളുടെ പഠനവും അവതാളത്തിലാകുന്ന അവസ്ഥയാണ്. മിക്ക സ്കൂളുകളും വൃത്തിയാക്കിയിട്ടുപോലുമില്ല. എന്നാല്‍, എയ്ഡഡ് സ്കൂളുകള്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. തീരദേശത്തെ പല സര്‍ക്കാര്‍ സ്കൂളുകളും അവധിക്കാലത്ത് സാമൂഹികവിരുദ്ധരുടെ താവളമായിരുന്നു. മിക്ക സ്കൂളുകളിലെ കെട്ടിടങ്ങളും പഴക്കം ചെന്നവയാണ്. തകര്‍ന്ന ഓടുകള്‍ പോലും മാറ്റിയിടാനാകാത്തത്കാരണം ക്ളാസ് മുറികളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. കുടിവെള്ള ടാങ്കുകള്‍, കിണറുകള്‍ എന്നിവ വൃത്തിഹീനമായ അവസ്ഥയിലാണ്. ടോയ്ലെറ്റുകള്‍ തകര്‍ച്ചയിലാണ്. എസ്.എസ്.എല്‍.സിക്ക് നൂറുമേനി വിജയം കൈവരിച്ച വലിയതുറ റീജനല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ അവസ്ഥയും പരിതാപകരമാണ്. ജില്ലാ പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തിലുള്ള സ്കൂളിന്‍െറ പല ഭാഗവും തകര്‍ച്ചയിലാണ്. ഉറപ്പുള്ള കെട്ടിടങ്ങള്‍ മൂന്ന് വര്‍ഷമായി കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ കൈയടക്കി വെച്ചിരിക്കുകയാണ്. എന്നാല്‍, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളൊരുക്കി വിദ്യാര്‍ഥികളെ കാത്തിരിക്കുന്ന പല സര്‍ക്കാര്‍ സ്കൂളുകളും നഗരത്തിലുണ്ട്. ഇവിടെ അഡ്മിഷന് രക്ഷാകര്‍ത്താക്കള്‍ കാത്തുനില്‍ക്കുകയാണ്. മണക്കാട്, അമ്പലത്തറ, സ്കൂളുകള്‍ ഇതിനുദാഹരണമാണ്. കുട്ടികളുടെ കുറവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം അടച്ചുപൂട്ടേണ്ടിവരുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ എണ്ണം കൂടിവരുകയാണ്. 124 വര്‍ഷമായി തലസ്ഥാനത്തിന്‍െറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളാണ് അവഗണന നേരിടുന്നവയില്‍ പ്രധാനം. സ്കൂളില്‍ ഇപ്പോള്‍ നൂറില്‍ താഴെ മാത്രമാണ് വിദ്യാര്‍ഥികള്‍. പല സ്കൂളുകളിലും ആവശ്യത്തിന് കമ്പ്യൂട്ടറുകളില്ല. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ക്ളാസ് മുറികളില്‍ ഫാനുകള്‍ക്ക് താഴെയിരുന്ന് പഠിക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഏത് നിമിഷവും തകരാവുന്ന കെട്ടിടത്തിലിരുന്ന് പഠിക്കേണ്ട അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.