തലസ്ഥാനം ഇനി പ്ളാസ്റ്റിക് നിയന്ത്രിത നഗരം

തിരുവനന്തപുരം: ജൂലൈ ഒന്നുമുതല്‍ നഗരത്തില്‍ പ്ളാസ്റ്റിക്കിന് നിയന്ത്രണം. സമ്മേളനങ്ങള്‍, വിവാഹം, സല്‍ക്കാരങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങി നഗരത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ ജൂലൈ ഒന്നുമുതല്‍ ‘ഗ്രീന്‍ പ്രോട്ടോക്കോള്‍’ നടപ്പാക്കാനും കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. വില്‍പനക്കോ സൗജന്യമായോ നല്‍കുന്ന പ്ളാസ്റ്റിക് ക്യാരി ബാഗുകളില്‍ കോര്‍പറേഷന്‍െറ മുദ്ര പതിപ്പിക്കാനും നഗരകേന്ദ്രങ്ങളിലെ പൊതു നിരത്തുകളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിരോധിക്കാനും യോഗം തീരുമാനിച്ചു. ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്നതിന് പ്ളാസ്റ്റിക് പേപ്പറുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം ഇലയോ പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങളോ അലുമിനിയം ഫോയില്‍ പേപ്പറോ ഉപയോഗിക്കണമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ശ്രീകുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. പുനരുപയോഗം സാധ്യമല്ലാത്തതിനാലാണ് പ്ളാസ്റ്റിക് കുപ്പിവെള്ളം ് നിരോധിക്കുന്നത്. പകരം കുടിവെള്ളം സ്റ്റീല്‍ ഗ്ളാസുകളില്‍ നല്‍കണം. സെക്രട്ടേറിയറ്റ്, നിയമസഭ കോംപ്ളക്സ്, കോര്‍പറേഷന്‍ ആസ്ഥാന മന്ദിരം എന്നിവയുള്‍പ്പെടുന്ന നഗരഹൃദയത്തിലെ ആറോളം വാര്‍ഡുകളിലാണ് ഫ്ളക്സ് നിരോധം ഏര്‍പ്പെടുത്തുന്നത്. ഈ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ഹോര്‍ഡിങ്സുകള്‍ നീക്കം ചെയ്യും. കാലാവധി തീരുന്ന മുറയ്ക്ക് വീണ്ടും സ്ഥാപിക്കാന്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ് തീരുമാനം. സുപ്രീംകോടതി നിര്‍ദേശത്തിന്‍െറ പിന്‍ബലത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക്കിന്‍െറ വില്‍പന പൂര്‍ണമായി നിരോധിച്ചു. കോര്‍പറേഷന്‍ നല്‍കുന്ന ഹോളോഗ്രാം പതിപ്പിച്ച പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ മാത്രമേ വസ്ത്രവ്യാപാരശാലകളില്‍ ഉപയോഗിക്കാന്‍ അനുവദിക്കൂ. പുതിയ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്ന് കമലേശ്വരം വാര്‍ഡ് കൗണ്‍സിലര്‍ വി.ഗിരി നിര്‍ദേശിച്ചു. നിയന്ത്രണം മാത്രമല്ല, നഗരസഭ പ്രദേശത്ത് പ്ളാസ്റ്റിക് നിരോധിക്കണമെന്ന് ടൗണ്‍ പ്ളാനിങ് സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.സതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കന്യാകുമാരി മോഡല്‍ മാതൃകയാക്കണം. നിരോധം നടപ്പാക്കുന്നതിനൊപ്പം ബദല്‍മാര്‍ഗങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അഡ്വ. വി. ഗിരികുമാര്‍ ആവശ്യപ്പെട്ടു. ഫ്ളക്സ് നിരോധം കോര്‍പറേഷന്‍ ആസ്ഥാന ഓഫിസില്‍ നിന്ന് തുടങ്ങണമെന്ന് സി.പി.ഐ പ്രതിനിധി സോളമന്‍ വെട്ടുകാട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.