കടല്‍ക്ഷോഭം : 13 കുടുംബങ്ങള്‍ക്ക് പട്ടയവും ഭവനനിര്‍മാണ തുകയും നല്‍കും –മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: കടല്‍ക്ഷോഭം ശക്തമായതോടെ കിടപ്പാടം നഷ്ടപ്പെട്ട് വലിയതുറ ദുരിതാശ്വാസ ക്യാമ്പില്‍ നാല് വര്‍ഷമായി കഴിയുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയവും ഭവനനിര്‍മാണത്തുകയും നല്‍കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. വലിയതുറ ഫിഷറീസ് സ്കൂളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മൂന്ന് സെന്‍റ് വീതം ഭൂമിയും രണ്ടു ലക്ഷം രൂപയുടെ ഭവനനിര്‍മാണഫണ്ടും നല്‍കുന്നത്. മന്ത്രി വലിയതുറയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളെ നേരില്‍ സന്ദര്‍ശിച്ചാണ് ഉറപ്പുനല്‍കിയത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറും. ക്യാമ്പില്‍ കഴിയുന്ന 161 കുടുംബങ്ങള്‍ക്കും അതിവേഗം പട്ടയം നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കടലോരത്ത് 50 മീറ്റര്‍ അകലത്ത് താമസിക്കുന്ന കുടുംബങ്ങളെ പൂര്‍ണമായും അവിടെനിന്ന് മാറ്റിപാര്‍പ്പിച്ച് പുനരധിവാസം ഉറപ്പാക്കും. രണ്ടാംഘട്ടത്തില്‍ കടല്‍ക്ഷോഭം ബാധിക്കുന്ന പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളെയും സ്ഥിരമായി മാറ്റിപാര്‍പ്പിച്ച് പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കടല്‍ക്ഷോഭം തടയാന്‍ സംരക്ഷണഭിത്തി നിര്‍മിക്കും. പട്ടയം നല്‍കുന്ന ഭൂമിയില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി കളിസ്ഥലം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വലിയതുറ ഫിഷറീസ് സ്കൂള്‍, എല്‍.പി സ്കൂള്‍, യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും മുട്ടത്തറ സ്വീവേജ് ഫാമും മന്ത്രി സന്ദര്‍ശിച്ചു. കലക്ടര്‍ ബിജുപ്രഭാകര്‍, ഫിഷറീസ് ഡയറക്ടര്‍ മിനി ആന്‍റണി, ഡോ.അമ്പാടി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.