തിരുവനന്തപുരം: അണപൊട്ടിയ ആവേശം വാനോളമുയര്‍ന്നു താഴ്ന്നു. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശബ്ദപ്രചാരണത്തിന് പ്രൗഢോജ്ജ്വല സമാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന കൊട്ടിക്കലാശം മൂന്നുമുന്നണികളുടെയും പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നുനല്‍കിയ ഊര്‍ജം ചെറുതല്ല. വിജയം തങ്ങള്‍ക്ക് സുനിശ്ചിതമെന്ന് ഉദ്ഘോഷിച്ചുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനത്തെിയത്. തലസ്ഥാനത്ത് പേരൂര്‍ക്കട ജങ്ഷന്‍, നെടുമങ്ങാട്, മണക്കാട്, കഴക്കൂട്ടം, കാട്ടാക്കട, ആര്യനാട്, കുറ്റിച്ചല്‍, അരുവിക്കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ ടൗണ്‍, കിളിമാനൂര്‍, ചിറയിന്‍കീഴ്, വെഞ്ഞാറമൂട്, പോത്തന്‍കോട്, വര്‍ക്കല, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളിലായിരുന്നു അവസാനവട്ടപ്രചാരണം കൊഴുപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. മിക്കകേന്ദ്രങ്ങളിലും ഉച്ചയോടെതന്നെ പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിരുന്നു. വീറുംവാശിയും അവകാശവാദങ്ങളും മുഖരിതമായ ഒരുമാസത്തിന്‍െറ അന്ത്യംകുറിക്കാനെന്നോണം എത്തിയവരുടെ ആവേശവും ആഹ്ളാദവും നാടിളക്കി. ബാന്‍ഡ് മേളവും താളഘോഷങ്ങളുമായായിരുന്നു വാഹനങ്ങളുടെ വരവ്. തെരഞ്ഞെടുപ്പ് പ്രചാരണഗാനങ്ങള്‍ ഉച്ചത്തില്‍ മുഴക്കിക്കൊണ്ട് ചീറിപ്പാഞ്ഞ വാഹനങ്ങളില്‍ പാര്‍ട്ടിപതാകകള്‍ പാറിപ്പറന്നു. ഇരുചക്രവാഹനങ്ങളിലും ഓട്ടോകളിലുമായി സംഘങ്ങളായത്തെിയവര്‍ നിരവധി. പാര്‍ട്ടിപതാകകളുടെ നിറം മുഖത്ത് ആലേപനം ചെയ്തും വര്‍ണക്കടലാസുകള്‍ വാരിവിതറിയും പ്രവര്‍ത്തകര്‍ ഉത്സവഛായ പകര്‍ന്നു. ശനിയാഴ്ച രാവിലെ മുതല്‍ ആകാശം മേഘാവൃതമായിരുന്നെങ്കിലും പ്രചാരണം കെങ്കേമമാക്കാനുള്ള പടപ്പുറപ്പാടിലായിരുന്നു പാര്‍ട്ടികള്‍. വൈകീട്ട് അഞ്ചോടെ ആവേശം കൊടുമ്പിരിക്കൊണ്ടു. ആറോടെ പരസ്യപ്രചാരണത്തിനുള്ള സമയം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മടങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.