മീറ്റര്‍ കമ്പനിയുടെ പുനരുദ്ധാരണം; സര്‍ക്കാര്‍ ശ്രമം തുടങ്ങി

ഇരവിപുരം: പ്രതിസന്ധിയിലായ പള്ളിമുക്ക് മീറ്റര്‍ കമ്പനിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ ശ്രമം തുടങ്ങി. മന്ത്രിമാരടങ്ങുന്ന ഉന്നതതല സംഘം വ്യാഴാഴ്ച വൈകീട്ട് കമ്പനി സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തും. എം. നൗഷാദ് എം.എല്‍.എ മീറ്റര്‍ കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതിനത്തെുടര്‍ന്നാണ് നടപടി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും എം. നൗഷാദ് എം.എല്‍.എയും അടങ്ങുന്ന സംഘം കമ്പനിയില്‍ സന്ദര്‍ശനം നടത്തും. 1950ല്‍ സ്ഥാപിതമായ മീറ്റര്‍ കമ്പനി യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തനമൂലധനമില്ലായ്മ മൂലം പ്രതിസന്ധിയിലാണ്. പ്രതിമാസം ആയിരക്കണക്കിന് മീറ്ററുകള്‍ ഉല്‍പാദിപ്പിക്കുകയും ആയിരത്തിലധികം തൊഴിലാളികള്‍ പണിയെടുക്കുകയും ചെയ്തിരുന്ന കമ്പനിയില്‍ മീറ്ററിന്‍െറ ഉല്‍പാദനം നടക്കുന്നില്ല. നൂറില്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ കമ്പനിയിലുള്ളത്. മീറ്റര്‍ ഉല്‍പാദനം നിര്‍ത്തിയതോടെ വൈദ്യുതി ബോര്‍ഡിന് ആവശ്യമായ എ.ബി. സ്വിച്ചുകളുടെ നിര്‍മാണമാണ് ഇവിടെ നടന്നുവന്നത്. എ.ബി സ്വിച്ചിനുള്ള ഓര്‍ഡറും ഇപ്പോള്‍ കമ്പനിക്ക് ലഭിക്കാത്ത സ്ഥിതിയാണ്. ഏഴ് ജില്ലയിലെ പഞ്ചായത്തുകള്‍ക്ക് ആവശ്യമായ തെരുവുവിളക്കുകള്‍ വിതരണം ചെയ്തിരുന്നതും ഇവിടെനിന്നായിരുന്നു. ഇപ്പോള്‍ അതും പ്രതിസന്ധിയിലാണ്. പഞ്ചായത്തുകള്‍ക്ക് നേരിട്ട് തെരുവുവിളക്കുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ ഉത്തരവ് നല്‍കിയതാണ്. എല്‍.ഇ.ഡി ലൈറ്റുകളുടെ വിതരണവും പ്രതിസന്ധിയിലാകാന്‍ കാരണമായിട്ടുണ്ട്. പള്ളിമുക്ക് മീറ്റര്‍ കമ്പനിയില്‍ ഉല്‍പാദിപ്പിച്ചിരുന്ന മീറ്ററിന്‍െറ ഗുണമേന്മയോട് കിടപിടിക്കാന്‍ മറ്റൊരു കമ്പനിക്കും കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത്. സര്‍ക്കാറുകള്‍ മീറ്ററിന്‍െറ ഓര്‍ഡറുകള്‍ ഇതരസംസ്ഥാനത്തെ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതോടെയാണ് ഇവിടെ മീറ്ററിന്‍െറ നിര്‍മാണം നിലച്ചത്. മന്ത്രിമാര്‍ കമ്പനി സന്ദര്‍ശിക്കുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് തൊഴിലാളികള്‍ക്കുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.