‘കുട്ടി പാര്‍ലമെന്‍റില്‍’ പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം: സ്വകാര്യ കമ്പനികള്‍ക്ക് പെട്രോളിയം മേഖലയില്‍ ഖനനാനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ‘കുട്ടി പാര്‍ലമെന്‍റില്‍’ വാദപ്രതിവാദങ്ങളും ഇറങ്ങിപ്പോക്കും. രാജ്യത്തിന്‍െറ ധാതുസമ്പത്ത് സ്വകാര്യ കുത്തകകള്‍ക്ക് അടിയറവെക്കാനുള്ള നീക്കം അപകടകരമാണെന്ന വാദം സര്‍ക്കാര്‍ തള്ളിയതോടെ പ്രതിപക്ഷത്തിന് മുന്നില്‍ ഇറങ്ങിപ്പോക്ക് തന്നെയായിരുന്നു പോംവഴി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്‍ററി അഫയേഴ്സ് സംഘടിപ്പിച്ച മാതൃകാ പാര്‍ലമെന്‍റ് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടിയ മലപ്പുറം പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ പാര്‍ലമെന്‍റ് നടപടികള്‍ അനുകരിച്ചത്. കാസര്‍കോട് സ്വദേശികളുടെ തിരോധാനവും ഇന്ധനവില വര്‍ധന വഴി അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചതും റെയില്‍വേ സ്വകാര്യവത്കരണ നീക്കങ്ങളും ചരക്ക് സേവന നികുതിയും കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുമെല്ലാം കുട്ടി പാര്‍ലമെന്‍റില്‍ ചോദ്യങ്ങളായി ഉയര്‍ന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പാര്‍ലമെന്‍ററി വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാര്‍ഥികള്‍ പാര്‍ലമെന്‍റ് നടപടികള്‍ നിയമസഭാഹാളില്‍ അവതരിപ്പിച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. സ്വച്ഛ്ഭാരത് മിഷന്‍, നൈപുണ്യവികസന പദ്ധതികള്‍, വിദ്യാഭ്യാസ മേഖലയിലെ പദ്ധതികള്‍ തുടങ്ങിയവ അടങ്ങിയതായിരുന്നു നയപ്രഖ്യാപനം. ഭീകരവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു നയപ്രഖ്യാപനം അവസാനിച്ചത്. മലയാളത്തിനുപുറമെ ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലും മാതൃകാ പാര്‍ലമെന്‍റ് അംഗങ്ങള്‍ സംസാരിച്ചു. മാതൃകാ പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയായി നയപ്രഖ്യാപനം നടത്തിയത് അനിലയായിരുന്നു. കെ. നിഷാന പ്രധാനമന്ത്രിയും സുമിഷ സ്പീക്കറുമായി. ഷബീബ് മലൂഫ് ആയിരുന്നു പ്രതിപക്ഷ നേതാവ്. മുഹ്സിന ആഭ്യന്തരമന്ത്രിയും അഷിമ പെട്രോളിയം മന്ത്രിയും ഫര്‍സാന മാനവവിഭവശേഷി വികസന മന്ത്രിയും മന്‍സൂര്‍ അലി പ്രതിരോധ മന്ത്രിയും ഹസ്ന ധനമന്ത്രിയും ഗോകുല്‍ രാജ് റെയില്‍വേ മന്ത്രിയുമായി. സാഹിത്യമേഖലയിലെ സംഭാവനകള്‍ എണ്ണിപ്പറഞ്ഞും ഒരുമിനിറ്റ് മൗനം ആചരിച്ചും അന്തരിച്ച കവി ഒ.എന്‍.വി കുറുപ്പിന് കുട്ടി പാര്‍ലമെന്‍റ് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. മാതൃകാ പാര്‍ലമെന്‍റ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനച്ചടങ്ങിന്‍െറ ഭാഗമായാണ് മാതൃകാ പാര്‍ലമെന്‍റ് അരങ്ങേറിയത്. മന്ത്രി എ.കെ. ബാലന്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഒന്നും കോഴിക്കോട് നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസിന് രണ്ടും തൃശൂര്‍ കുഴിക്കാട്ടുശ്ശേരി സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൂന്നും സ്ഥാനം നേടി. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാലും തിരുവനന്തപുരം ശാസ്തമംഗലം ആര്‍.കെ.ഡി.എന്‍.എസ്.എസ് എച്ച്.എസ്.എസ് അഞ്ചും സ്ഥാനം നേടി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, പാര്‍ലമെന്‍ററി അഫയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.ജെ. കുര്യന്‍ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.